അഭിക് ചാറ്റര്‍ജി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ സി.ഇ.ഒ

Newsroom

Img 20241001 Wa0078
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഒക്ടോബര്‍ 1, 2024: കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. ക്ലബ്ബിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലുമുള്‍പ്പെടെ ഫീല്‍ഡിലും ഫീല്‍ഡിന് പുറത്തുമുള്ള മികച്ച പ്രകടനം ഉറപ്പാക്കുന്നതിനുള്ള ക്ലബിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നിയമനം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഫത്തേഹ് ഹൈദരബാദ് എ.എഫ്.സി, ഒഡീഷ എഫ്.സി എന്നീ ക്ലബുകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. കൂടാതെ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൂപ്പര്‍ ലീഗ് കേരളയില്‍ ലീഗ് ആന്‍ഡ് ടെക്നിക്കല്‍ ഓപ്പറേഷന്‍സിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. അഭികിന്റെ വിജയകരമായ നേതൃപാടവവും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുവാനുള്ള അതിയായ താത്പര്യവും കെ.ബി.എഫ്‌.സിയുടെ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020-21 സീസണ്‍ മുതല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിഖില്‍ ബി നിമ്മഗദ്ദ ഇപ്പോള്‍ ദൈനംദിന ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറുകയാണ്. ഒക്ടോബര്‍ 3 മുതല്‍ അഭിക് ചുമതലയേല്‍ക്കും. ക്ലബ്ബിന്റെ ഫുട്‌ബോള്‍, വാണിജ്യ, പ്രകടന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സ്‌പോര്‍ട്ടിംഗ് ഡയറക്ടറുമായും മാനേജ്‌മെന്റ് ടീമുമായും അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

“അഭിക്കിന്റെ നിയമനം, ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്. വിവിധ നേതൃപരമായ പദവികളിൽ മേൽനോട്ടം വഹിച്ച അദ്ദേഹം, വർഷങ്ങളുടെ പ്രൊഫഷണൽ അനുഭവസമ്പത്തോടെയാണ് ക്ലബിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ കഴിവുകളിൽ എനിക്ക് അഗാധമായ വിശ്വാസമുണ്ട്, അദ്ദേഹത്തിന്റെ മാർഗനിർദേശത്തിൽ ക്ലബ്ബ് കൂടുതൽ ഉയരങ്ങളിലെത്തുമെന്നതിൽ സംശയമില്ല. ടീമിലേക്ക് സ്വാഗതം!,” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി മുഴുവൻ സമയ ഡയറക്ടർ നിഖില്‍ ബി നിമ്മഗദ്ദ പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് നിഖിലിനോടും മറ്റ് ക്ലബ് ബോർഡ് അംഗങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ആ വിശ്വാസം നിലനിർത്തുവാൻ ഞാൻ എന്റെ മുഴുവൻ പ്രയത്നങ്ങളും സമർപ്പിക്കും. മറ്റാർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ ഏറ്റവും മികച്ച വിജയം തന്നെ ക്ലബിന് കൈവരിക്കാനാവണം, അതാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എല്ലാ ആരാധകർക്കും ആ സന്തോഷവും അഭിമാനവും നൽകുന്നതിനായി ഞങ്ങൾ കഠിന പരിശ്രമം തന്നെ ചെയ്യും,” അഭിക് ചാറ്റര്‍ജി പറഞ്ഞു.