ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂർ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-1 എന്ന സമനില വഴങ്ങി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും വന്നത്. ഈ ഫലത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് തുടരും.
ആദ്യ പകുതി മികച്ച രീതിയിലാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. നല്ല നീക്കങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് 23ആം മിനുട്ടിൽ ദിമിയിലൂടെ ലീഡ് കണ്ടെത്തി. ജസ്റ്റിൻ നൽകിയ പാസ് സ്വീകരിച്ചാണ് ദിമി തന്റെ ഇടം കാലു കൊണ്ട് ഗോൾ നേടിയത്. ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണിൽ ടോപ് സ്കോറർ ആയി. പിന്നീടും നല്ല അറ്റാക്ക് നടത്താൻ ബ്ലാസ്റ്റേഴ്സിനായി. ഇതിനിടയിൽ ജസ്റ്റിൻ പരിക്കേറ്റു പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ആദ്യ പകുതിക്ക് അവസാനം ജംഷദ്പൂർ സിവിയേരിയോയിലൂടെ സമനില നേടിയത് ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി. സ്കോർ 1-1. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്താൻ ശ്രമം തുടർന്നു. 61ആം മിനുട്ടിൽ രാഹുലിന്റെ ഒരു ഷോട്ട് ടാർഗറ്റിലേക്ക് എത്തിയില്ല.
90ആം മിനുട്ടിൽ ചെർനിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് നിരാശ നൽകി. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് വിജയ ഗോളിനായി അറ്റാക്ക് തുടർന്നു. 95ആം മിനുട്ടിൽ ദിമിയുടെ ഗോളെന്ന് ഉറച്ച ഷോട്ട് രെഹ്നേഷ് സേവ് ചെയ്തു. മറുവശത്ത് കൗണ്ടർ അറ്റാക്കിൽ ജംഷദ്പൂരിനും അവസരം കിട്ടി. കരൺജിതിന്റെ സേവ് കളി സമനിലയിൽ തന്നെ നിർത്തി.
ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 30 പോയിന്റുമായി അഞ്ചാമത് നിൽക്കുകയാണ്. ഇപ്പോഴും പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ജംഷദ്പൂർ 21 പോയിന്റുമായി ഏഴാമത് നിൽക്കുന്നു.