കേരള ബ്ലാസ്റ്റേഴ്സ് ഒരു യുവ സ്ട്രൈക്കറെ ടീമിലേക്ക് എത്തിക്കുകയാണ്. 21 കാരനായ ഇർഫാൻ യാദ്‌വാദിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നതായി The Bridge റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തെ കരാർ ആകും യുവതാരം ഒപ്പുവെക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ ആകെ 36 ഗോളുകൾ അടിച്ച് ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ ആകെ ശ്രദ്ധ നേടാൻ ഇർഫാനായിരുന്നു. ഗോവൻ സ്വദേശിയായ ഇർഫാൻ ഇപ്പോൾ ബെംഗളൂരു യുണൈറ്റഡിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
കഴിഞ്ഞ ബെംഗളൂരു സൂപ്പർ ഡിവിഷനിലും രണ്ടാം ഡിവിഷൻ ഐ-ലീഗിലും ടോപ് സ്കോറർ ആയിരുന്നു ഇർഫാൻ. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ 18 കളികളിൽ നിന്ന് 15 ഗോളുകൾ താരം നേടി. സെക്കൻഡ് ഡിവിഷൻ ഐ-ലീഗിൽ ഇർഫാൻ 11 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളോടെ ടോപ് സ്കോറർ ആയി. ബെംഗളൂരു യുണൈറ്റഡിനൊപ്പം സ്റ്റാഫോർഡ് കപ്പിൽ എട്ട് ഗോളുകളും താരം സ്കോർ ചെയ്തു. പഞ്ചിം ഫുട്ബോളേഴ്സിനായും ഗോവ പോലീസ് ക്ലബിനായും മുമ്പ് ഇർഫാൻ കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാൻ പറ്റിയ ഇന്ത്യൻ താരങ്ങൾ ഇല്ല എന്ന പ്രശ്നത്തിന് ഇർഫാൻ പരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.