ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയ്ക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഫതോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ 4-0ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയോടും പരാജയപ്പെട്ടിരുന്നു. ലെസ്കോവിച് ഇല്ലാതെ ഇറങ്ങിയ രണ്ടു മത്സരങ്ങളിൽ നിന്നായി കേരള ബ്ലാസ്റ്റേഴ്സ് 7 ഗോളുകൾ ആണ് വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച ആദ്യ പകുതി ആയിരുന്നില്ല. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. മത്സരത്തിന്റെ 32ആം മിനുട്ടിൽ ആണ് പെനാൾട്ടി വിധി വന്നത്. സൗരവ് ബ്രണ്ടൺ സിൽവയെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധി. പെനാൾട്ടി എടുത്ത ഐകർ ഗുരക്സേനക്ക് ഒട്ടും പിഴച്ചില്ല. ഗോവ 1-0 കേരള ബ്ലാസ്റ്റേഴ്സ്. 39ആം മിനുട്ടിൽ രണ്ടാം ഗോളിന് അടുത്ത് മൊറോക്കൻ താരം നോവ എഫ് സി ഗോവയെ എത്തിച്ചു എങ്കിലും ഭാഗ്യം കേരളത്തെ രക്ഷിച്ചു.
പക്ഷെ 43ആം മിനുട്ടിൽ നോവ തന്നെ ഗോവയുടെ രണ്ടാം ഗോൾ നേടി. സന്ദീപിന്റെ ഒരു ബാക്ക് ഹെഡർ കൈക്കലാക്കി മുന്നേറിയാണ് നോവ ഗോൾ നേടിയത്. രണ്ടാം പകുതി കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആണ് തുടങ്ങിയത്. പെട്ടെന്ന് തന്നെ ഒരു ഗോൾ മടക്കാൻ കേരളത്തിനായി. ലൂണയുടെ ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ദിമിത്രിയോസ് ആണ് ഗോൾ നേടിയത്. പക്ഷെ ആ ഗോളിൽ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു.
മത്സരത്തിന്റെ 69ആം മിനുട്ടിൽ റെഡീം തലാംഗിലൂടെ ഗോൾ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ബ്രണ്ടന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. ഈ വിജയത്തോടെ ഗോവ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 25 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.