കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരും എന്ന് ഉറപ്പായി. ഇന്ന് നടന്ന എ ഐ എഫ് എഫ് അച്ചടക്ക കമ്മിറ്റി യോഗത്തിൽ ബ്ലാസ്റ്റേഴ്സ് ചെയ്തത് തെറ്റാണെന്ന് കണ്ടെത്തി. മാച്ച് ബഹിഷ്കരിച്ചതിനാൽ ശിക്ഷ നേരിടേണ്ടതായും വരും. ഡിസ്പ്ലിനറി കോഡിലെ ആർട്ടിക്കിൾ 58 ആണ് കേരള ബ്ലാസ്റ്റേഴ്സ് ലംഘിച്ചിരിക്കുന്നത്. ഇത് കടുത്ത ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചുരുങ്ങിയ ശിക്ഷ 6 ലക്ഷം രൂപ പിഴ ആണ്. കൂടിയാൽ അത് ഒരു ടൂർണമെന്റിൽ നിന്ന് തന്നെ വിലക്ക് ലഭിക്കുന്നത് വരെ വലുതാവുകയും ചെയ്യും. 6 ലക്ഷം രൂപ പിഴ എന്ന ചെറിയ ശിക്ഷയിൽ ബ്ലാസ്റ്റേഴ്സുമായുള്ള പ്രശ്നം എ ഐ എഫ് എഫ് തീർക്കാൻ സാധ്യതയില്ല. വലിയ പിഴ വരും എന്നാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. എന്നാൽ ക്ലബിന് വിലക്ക് പോലുള്ള കടുത്ത ശിക്ഷ നൽകാൻ അധികൃതർ ധൈര്യപ്പെട്ടേക്കില്ല. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ പ്രതിഷേധം ഇപ്പോൾ തന്നെ ലീഗ് അധികൃതരെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.
ഇന്ന് യോഗത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി എ ഐ എഫ് എഫ് തള്ളിയിരുന്നു. ശിക്ഷാ നടപടി ഐ എസ് എൽ ഫൈനൽ കഴിഞ്ഞതിനു ശേഷമായെ പ്രഖ്യാപിക്കുകയുള്ളൂ.