ഫലം അപ്രധാനമായ മത്സരത്തിൽ, കഴിഞ്ഞ മത്സരങ്ങളിൽ കൈവിട്ട ഫോം തിരിച്ചു പിടിക്കാനുള്ള ഹൈദരാബാദിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ട് ജംഷദ്പൂരിന് തകർപ്പൻ ജയം. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദിനെ അവർ വീഴ്ത്തിയത്. തോറ്റെങ്കിലും ഹൈദരാബാദിന്റെ രണ്ടാം സ്ഥാനത്തിന് യാതൊരു ഭീഷണിയും ഇല്ല. മൂന്ന് പോയിന്റ് കൈക്കലാക്കി ബംഗാളിനൊപ്പം പോയിന്റ് നിലയിൽ ഒപ്പമെത്താൻ സാധിച്ചത് മാത്രമാണ് ജംഷദ്പൂരിന് ആശ്വാസം.
മത്സര ഫലം പ്രധാന്യമുള്ളത് അല്ലെങ്കിലും ഇരു ടീമുകളും ജയിക്കാൻ ഉറച്ചു തന്നെ ആയിരുന്നു കളത്തിൽ ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ ഹൈദരാബാദിനായിരുന്നു കൃത്യമായ മുൻതൂക്കം. പന്ത്രണ്ടാം മിനിൽ ഒഗ്‌ബെച്ചെയിലൂടെ ലീഡ് എടുക്കാനും അവർക്കായി. രോഹിത് ദാനുവിന്റെ കോർണറിൽ മികച്ചൊരു ഹെഡറുമായാണ് താരം വല കുലുക്കിയത്. എന്നാൽ ഇതോടെ ഹൈദരാബാദിന്റെ ആവേശം എല്ലാം തണുത്തു. അവസരം മുതലെടുത്ത ജംഷദ്പൂർ തുടർച്ചയായി ഗോളുകൾ കണ്ടെത്തി. 22ആം മിനിറ്റിൽ റൈറ്റ് വിങ്ങിൽ നിന്നും ബോറിസ് സിങ് ഉയർത്തി വിട്ട ക്രോസിൽ സമർഥമായി തലവെച്ച് റിത്വിക് ദാസ് സമനില ഗോൾ നേടി. പിന്നീട് ഓഗ്ബെച്ചെയുടെ ഹാൻഡിന് ജംഷദ്പൂർ താരങ്ങൾ പെനാൽറ്റിക്കായി മുറവിളി കൂടിയപ്പോൾ റഫറിയും സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത ജേ തോമസിന് പിഴച്ചില്ല. 27ആം മിനിറ്റിലാണ് രണ്ടാം ഗോൾ വന്നത്. വെറും രണ്ടു മിനിട്ടുകൾക്ക് ശേഷം ഹാരി സോയർ ഡാനിയൽ ചുക്വുവിന് മറിച്ചു നൽകിയ ബോൾ നിയന്ത്രണത്തിൽ ആക്കാൻ ഹൈദരാബാദ് താരം നിം ഡോർജി ശ്രമിച്ചെങ്കിലും പന്ത് ചുക്വു തന്നെ കാലിൽ കോർത്ത് ബോക്സിന് നേരെ കുതിച്ചു. തടയാൻ മുന്നോട്ടു കയറിയ കീപ്പറുടെ തലക്ക് മുകളിലൂടെ താരം മനോഹരമായി ചിപ്പ് ചെയ്തിട്ട ബോൾ വലയിൽ തൊട്ടപ്പോൾ ജംഷദ്പൂർ മൂന്നാം ഗോളും നേടി. വെറും ആറു മിനിറ്റിന്റെ ഇടവേളയിൽ ആണ് സന്ദർശകരുടെ ഗോളുകൾ പിറന്നത്. തുടർന്ന് ജോങ്തെയുടെ മികച്ച സേവുകൾ ആണ് ഹൈദരാബാദിനെ കൂടുതൽ ഗോളുകൾ വഴങ്ങാതെ കാത്തത്.
രണ്ടാം പകുതിയിലും ആവേശം ഒട്ടും കുറഞ്ഞില്ല. 56 ആം മിനിറ്റിൽ തന്നെ എലി സാലിബ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ ജംഷദ്പൂർ പത്ത് പേരിലേക്ക് ചുരുങ്ങി. എന്നാൽ അവരുടെ ചടുലത ഒട്ടും കുറഞ്ഞില്ല. 75ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള അവസരം ഹൈദരാബാദിന് ലഭിച്ചു. എന്നാൽ ജാവോ വിക്ടറിന്റെ ഷോട്ട് തടുത്ത് കൊണ്ട് വിശാൽ യാദവ് ജംഷദ്പൂരിന്റെ രക്ഷകനായി. 79ആം മിനിറ്റിൽ റൈറ്റ് വിങ്ങിൽ നിന്നും ബോക്സിലേക്ക് ഉയർന്ന് വന്ന ക്രോസ് കുതിയുയർന്ന് ഒഗ്‌ബെച്ചെയിലേക്ക് എത്തിയപ്പോൾ താരം തന്റെയും ടീമിന്റെയും മത്സരത്തിലെ രണ്ടാം ഗോൾ നേടി. അവസാന നിമിഷങ്ങളിൽ തുടർച്ചയായി ക്രോസുകൾ ഇട്ടു കൊണ്ട് സമനില ഗോളിനായി ഹൈദരാബാദ് ശ്രമിച്ചെങ്കിലും ജംഷദ്പൂർ പ്രതിരോധം ഉറച്ചു തന്നെ നിന്നു.