കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി വീണ്ടും വരാൻ തയ്യാറാണെന്ന് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ക്ലബും കേരളവുമായുള്ള തൻ്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു.
അദ്ദേഹം തൻ്റെ ക്ലബുമായുള്ള വൈകാരിക ബന്ധം പ്രകടിപ്പിച്ചു, “ഞാൻ ക്ലബ് വിട്ട് പോകുമ്പോൾ അത് ഒരിക്കലും വിടവാങ്ങലല്ലെന്ന് ഞാൻ പറഞ്ഞിരുന്നു, കാരണം എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ കേരളവുമായും കേരളത്തിലെ ആളുകളുമായും ബന്ധം പുലർത്തും, ഒരുപക്ഷേ ഒരു ദിവസം ഞാൻ തിരിച്ചെത്തിയേക്കാം.”
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോൾ, വുകോമാനോവിച്ച് ആവേശത്തോടെ പ്രതികരിച്ചു: “അതെ, എല്ലായ്‌പ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് എൻ്റെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നു. അവസരം കിട്ടിയാൻ തീർച്ചയായും വരും.”
വ്യക്തിപരമായ കുടുംബകാര്യങ്ങൾ കാരണം ഫുട്ബോളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ഇപ്പോൾ എന്നും ഇവാൻ പറഞ്ഞു. യൂറോപ്പിൽ നിന്നും ഐഎസ്എല്ലിൽ നിന്നുമുള്ള നിരവധി ഓഫറുകൾ ഞാൻ നിരസിച്ചു എന്നും അദ്ദേഹം പറഞ്ഞു.