കേരള ബ്ലാസ്റ്റേഴ്സ് പരിശീകൻ ഇവാൻ വുകമാനോവിചിനെതിരെ എ ഐ എഫ് എഫിന്റെ പ്രത്യേക നടപടി ഉണ്ടാകും എന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായി വരുന്ന നടപടിക്ക് പുറമെ ആയിരിക്കും കോച്ഛിനെതിരെ നടപടി ഉണ്ടാവുക. പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ഈ കാര്യം സ്ഥിരീകരിക്കുന്നു. എ ഐ എഫ് എഫ് ഇപ്പോൾ ഇവാൻ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിലുള്ള ഇവാന്റെ പ്രതികരണത്തിനു ശേഷമാകും നടപടി എന്താണെന്ന് പ്രഖ്യാപിക്കുക.
ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിടയിൽ റഫറിയുടെ ഒരു വിവാദ തീരുമാനം ആയിരുന്നു പ്രശ്നങ്ങൾക്ക് എല്ലാം കാരണം. ഇവാൻ കളിക്കാരെയും കൂട്ടി കളം വിടുകയും തുടർന്ന് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സീസൺ ഇങ്ങനെ ആയിരുന്നു അവസാനിച്ചത്. ഇവാൻ വുകമാനോവിചിന് എതിരെ സസ്പെൻഷൻ അടക്കുള്ള നടപടികൾ ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ആശങ്ക. ബ്ലാസ്റ്റേഴ്സിന് എതിരെ പിഴ ചുമത്തും എന്നാണ് ഇപ്പോൾ സൂചനകൾ വരുന്നത്.