കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുന്നിൽ കണ്ട് സൈൻ ചെയ്ത തിരിയുടെ ട്രാൻസ്ഫറിൽ പ്രശ്നമുണ്ട് എന്നും താരം കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ റദ്ദാക്കിയേക്കും എന്നുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനു പിന്നാലെ ചില കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തെ അസഭ്യം പറഞ്ഞതായും ചതിയനെന്ന് വിളിച്ചതായും റിപ്പോർട്ട്.
താരത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചെറിയ വിഭാഗത്തിന്റെ ഈ മോശം പ്രവർത്തി. തിരി തന്നെ ഇതിനെതിരെ രംഗത്ത് എത്തി. തന്നെ തെറി വിളിക്കുന്നവരും തന്നെ ചതിയനെന്നു വിളിക്കുന്നവരും ഒരു കാര്യം അറിയേണ്ടതുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സിൽ എന്ത് നടന്നാൽ അത് തന്റെ തീരുമാനം ആയിരുന്നില്ല എന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫുട്ബോൾ ലോകത്തെ പല പ്രമുഖരും തിരിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്ന തിരി കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ആ ട്രാൻസ്ഫർ ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. തിരിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കരാറിലെ തുകയുമായി തർക്കത്തിൽ ആണെന്നും താരത്തിന്റെ ട്രാൻസ്ഫർ ക്ലബ് റദ്ദാക്കിയേക്കും എന്നുമാണ് വാർത്തകൾ വന്നിരുന്നത്. പുതിയ വിവാദങ്ങൾ കൂടി ആയതോടെ ഈ ട്രാൻസ്ഫർ നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.