ഐഎസ്എല്ലിൽ ടീമുകൾ സ്വന്തമാക്കാൻ സ്പാനിഷ് ടീമുകൾക്ക് താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തൽ. ലാ ലിഗ – ഇന്ത്യയുടെ എംഡി ജോസെ അന്റോണിയോ കച്ചാസ ആണ് ഈ വിവരം പുറത്തു വിട്ടത്. “സ്പോർസ്കീഡ”യുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. സ്പാനിഷ് ടീമുകൾ ഇന്ത്യൻ മാർക്കറ്റിൽ കണ്ണ് വെക്കുന്നുണ്ടെന്നും പേരു വെളിപ്പെടുത്താൻ ആവാത്ത രണ്ടു ടീമുകൾ ഐഎസ്എൽ ഫ്രാഞ്ചസികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമുകൾ വളരെ ഗൗരവമായി തന്നെ ഈ കാര്യം പരിഗണിക്കുന്നുണ്ടെന്ന് കച്ചാസ കൂട്ടിച്ചേർത്തു. വിയ്യാറയൽ ബെംഗളൂരുവിൽ അക്കാദമി തുടങ്ങും എന്ന് പ്രഖ്യാപിച്ചതും അന്റോണിയോ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ മാർക്കറ്റിൽ വളരാൻ തന്നെയാണ് ലാ ലീഗ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തി.
ലാ ലീഗയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ അന്റോണിയോ വിശദീകരിച്ചു. വയകോം 18നുമായുള്ള കാരറിലൂടെ ലീഗിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു, “രോഹിത് സിക്സ് അടിക്കുന്നതും ഗ്രീസ്മാൻ ഗോൾ നേടുന്നതും ഒരു പോലെ ആസ്വാദിക്കാൻ കഴിയുന്നവരെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. അത് കൊണ്ടു തന്നെയാണ് രോഹിതിനെ ബ്രാൻഡ് അംബാസിഡർ ആയി തെരെഞ്ഞെടുത്തതും. എന്നാൽ ലാ ലീഗ ടീമുകൾക്ക് ഇവടെ പ്രീ സീസൺ മത്സരങ്ങൾക്ക് വരുന്നതിന് പരിമിതി ഉണ്ട്. തദ്ദേശീയരായ പ്രൊമോട്ടർമാരെയും പാർട്നർ മാരെയും ഇതിനായി തേടേണ്ടതുണ്ട്. എന്നാൽ അവസാനം സമ്പത്തിക നേട്ടം തന്നെയാണ് ഉന്നം എന്നതിനാൽ അമേരിക്കയോ മെക്സികൊയോ സിംഗപ്പൂരോ ടീമുകൾ തെരഞ്ഞെടുക്കുന്നു”. ലാ ലീഗ ഫുട്ബോൾ സ്‌കൂൾ ഇനിയും വളർത്താൻ ആണ് ഉദ്ദേശമെന്നു അദ്ദേഹം പറഞ്ഞു. ഏഷ്യൻ മാർക്ക് പിടിക്കാൻ പ്രീമിയർ ലീഗ് മുപ്പത് കൊല്ലം മുൻപേ ഇറങ്ങി എന്നും തങ്ങൾ അടുത്തു മാത്രമാണ് അതിന് വേണ്ടി ശ്രമിച്ചത് എന്നും അദ്ദേഹം സമ്മതിച്ചു. ബ്രോഡ്കാസ്റ്റിങ്ങിലൂടെ പ്രീമിയർ ലീഗ് നേടുന്ന വരുമാനത്തിന് അടുത്തെത്തുക എന്ന ലക്ഷ്യവും തങ്ങൾക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ മികച്ച പ്രകടനം നടത്താതെ ഇരുന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ഇന്ത്യയിൽ മികച്ച പിന്തുണ ഉള്ളത് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇത്തരമൊരു ആരാധക വൃന്ദത്തെയാണ് വളർത്തി എടുക്കേണ്ടത് എന്നും സമ്മതിച്ചു. അത്ലറ്റികോ മാഡ്രിഡിനെ പോലുള്ള ടീമുകൾക്ക് അതിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.