ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനൽ

Img 20210304 233021
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനൽ. ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിയെ നേരിടും. ഒന്നാം സ്ഥാനക്കാരായി ലീഗ് അവസാനിപ്പിച്ച ടീമാണ് മുംബൈ സിറ്റി. ഐ എസ് എൽ ലീഗ് കിരീടം നേടിയ മുംബൈ സിറ്റി തന്നെയാണ് ഐ എസ് എൽ കിരീടം നേടാനും ഫേവറിറ്റുകളായി ഫുട്ബോൾ നിരീക്ഷകർ കണക്കാക്കുന്നത്.

എന്നാൽ അവസാന 13 മത്സരങ്ങളിൽ പരാജയം അറിയാതെ എത്തുന്ന ഗോവയെ തോൽപ്പിക്കുക മുംബൈക്ക് അത്ര എളുപ്പമാകില്ല. 2018-19 സീസണിലെ സെമി ഫൈനലിന്റെ ആവർത്തനമാണ് ഇത്. അന്ന് മുംബൈയെ തോൽപ്പിച്ച് എഫ് സി ഗോവ ഫൈനലിലേക്ക് മാർച്ച് ചെയ്തിരുന്നു. അന്ന് ഗോവയുടെ കോച്ചായിരുന്ന ലൊബേരയാണ് ഇന്ന് മുംബൈയുടെ കോച്ച്.

മുംബൈക്ക് ഇന്ന് ഹ്യൂഗോ ബൗമസ് തിരിച്ചെത്തുന്നത് കരുത്ത് കൂട്ടും. അവസാന നാലു മത്സരങ്ങളിൽ ബൗമസ് സസ്പെൻഷൻ കാരണം കളിച്ചിരുന്നില്ല. എന്നാൽ ബൗമസ് വരുന്നതോടെ ആഡം ലെ ഫൊണ്ട്രെയെയോ ഒഗ്ബെചെയെയോ ലൊബേര പുറത്തിരുത്തേണ്ടി വരും. ഒഗ്ബെചെ മികച്ച ഫോമിൽ ഉള്ളതിനാൽ ഒഗ്ബെചെയെ ആദ്യ ഇലവനിൽ ഇറക്കാനാണ് സാധ്യത.

ഗോവ നിരയിൽ ഇന്ന് അവരുടെ പ്രധാന താരമായ നൊഗുവേര ഇല്ല, ഇവാൻ ഗോൺസാല്വസും സസ്പെൻഷനിലാണ്. എന്നാൽ ഓർടിസ് പരിക്ക് മാറി തിരികെയെത്തിയിട്ടുണ്ട്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ഹോറ്റ്സ്റ്റാറിലും സ്റ്റാർ നെറ്റ്വർക്കിലും കാണാം.

Advertisement