യുവ പ്രതീക്ഷയായ ഇഷാൻ പണ്ടിതയുടെ കരാർ എഫ് സി ഗോവ പുതുക്കി. കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് രണ്ട് വർഷത്തേക്കാണ് കരാർ പുതുക്കിയത്. എന്നാൽ ഇഷാൻ പണ്ടിതയ്ക്ക് വിദേശത്ത് നിന്ന് അവസരം വന്നാൽ താരത്തെ ക്ലബ് പോകാൻ അനുവദിക്കും. കഴിഞ്ഞ സീസണിൽ ആദ്യമായി ഐ എസ് എല്ലിൽ എത്തിയ താരം ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. വളരെ കുറച്ചു മിനുട്ടുകൾ മാത്രമേ താരത്തിനു ലഭിച്ചുള്ളൂ എങ്കിലും കിട്ടിയ അവസരങ്ങളിൽ താരം ഗോളുകൾ കണ്ടെത്തി.
11 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ താരം നേടി. ആകെ 131 മിനുട്ട് മാത്രമെ ഈ 11 മത്സരങ്ങളിലായി ഇഷാൻ കളിച്ചിട്ടുള്ളൂ. ഈ സീസണിൽ ഫെറാണ്ടോ ഇഷാന് കൂടുതൽ അവസരങ്ങൾ നൽകും എന്ന് പ്രതീക്ഷിക്കാം.ബെംഗളൂരു സ്വദേശിയായ ഇഷാൻ സ്പാനിഷ് ക്ലബായ ലോർകാ എഫ് സിയിൽ നിന്നായിരുന്നി കഴിഞ്ഞ സീസണിൽ എഫ് സി ഗോവയിലേക്ക് എത്തിയത്.
നേരത്തെ സ്പാനിഷ് ക്ലബായ യു ഡി അൽമേരയ്ക്ക് വേണ്ടിയും അതിനു മുമ്പ് ലാലിഗയിൽ കളിച്ചിട്ടുള്ള സി ഡി ലെഗനെസിന്റെ യുവ ടീമിനൊപ്പവും ഇഷാൻ കളിച്ചിട്ടുണ്ട്. ഒമാനെതിരായ മത്സരത്തിൽ ഇഷാൻ ഇന്ത്യക്ക് വേണ്ടിയും അരങ്ങേറ്റം നടത്തിയിരുന്നു.