ഐ ലീഗിൽ ഇനിയും ഒരു ദിവസത്തെ മത്സരം ബാക്കിയുണ്ട് എങ്കിലും ടോപ് 6 ആരാകും എന്ന് തീരുമാനമായി. പതിവിൽ നിന്ന് മാറി ഐലീഗ് ഇത്തവണ രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. അതിൽ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുകയാണ്. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടി ആദ്യ ആറു സ്ഥാനത്ത് എത്തുന്നവർ കിരീടത്തിനായും പിറകിൽ ഉള്ളവർ റിലഗേഷനായും പോരാടുന്ന വിധത്തിലാണ് ഐ ലീഗിന്റെ പുതിയ ഫോർമാറ്റ്.
ഇന്നലെ ട്രാവുവും മൊഹമ്മദൻസും വിജയിച്ചതോടെ കിരീടത്തിനായി പോരിടുന്ന ആറു ടീമുകൾ ഏതൊക്കെ ആകും എന്നത് തീരുമാനം ആയി. കേരള ക്ലബായ ഗോകുലം കേരള, റിയൽ കാശ്മീർ, ചർച്ചിൽ ബ്രദേഴ്സ്, മൊഹമ്മദൻസ്, ട്രാവു, പഞ്ചാബ് എഫ് സി എന്നിവരാകും ആദ്യ ആറിൽ കിരീടത്തിനായി പോരിനിറങ്ങുക.
ഈ ടീമുകൾ ഒക്കെ പരസ്പരം ഒരു തവണ കൂടെ ഏറ്റുമുട്ടും. ആദ്യ പത്തു മത്സരങ്ങളിലെ പോയിന്റും ഇനിയുള്ള പുതിയ റൗണ്ടിലെ അഞ്ചു മത്സരങ്ങളുടെ പോയിന്റും കണക്കിലെടുത്ത് ആകും ഐ ലീഗ് കിരീട ജേതാക്കളെ തീരുമാനിക്കുക. ഇന്ത്യൻ ആരോസ്, ചെന്നൈ സിറ്റി, സുദേവ, നെരോക, ഐസാൾ എന്നിവരാണ് റിലഗേഷൻ പോരിൽ പങ്കെടുക്കുക.