ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ 1-0 ന് പരാജയപ്പെടുത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2024-25-ൽ തുടർച്ചയായി മൂന്ന് മത്സരങ്ങളുടെ പരാജയ പരമ്പരക്ക് ഇതോടെ ചെന്നൈയിൻ അവസാനമിട്ടു.
അഞ്ചാം മിനിറ്റിൽ തന്നെ ഇർഫാൻ യാദ്വാദിൻ്റെ ഉജ്ജ്വല ഗോളിലൂടെ ആതിഥേയർ ലീഡ് എടുത്തു. ലൂക്കാസ് ബ്രാംബില്ല ആണ് ഈ ഗോൾ ഒരുക്കിയത്.
ഹൈദരാബാദ് എഫ്‌സി ശക്തമായി പ്രതികരിച്ചു, അവർ സമനില തേടി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. 25-ാം മിനിറ്റിൽ രണ്ട് തവണ സന്ദർശകർ ഗോളിന് അടുത്തെത്തി, ആൻഡ്രി ആൽബയുടെയും അലക്സ് സജിയുടെയും ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടി പുറത്ത് പോയി.
രണ്ടാം പകുതിയുടെ ഭൂരിഭാഗവും മത്സരം മധ്യനിര പോരാട്ടമായി മാറി. ചെന്നൈയിൻ താരം എൽസിഞ്ഞോയ്ക്ക് പരിക്കേറ്റു പുറത്ത് പോകേണ്ടി വന്നതും മത്സരത്തിന്റെ വേഗത കുറച്ചു. ചെന്നൈയിൻ ഈ ജയത്തോടെ 12 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി. ഹൈദരാബാദ് 7 പോയിന്റുമായി 12ആം സ്ഥാനത്താണ്.