ഐഎസ്എല്ലിൽ മുൻപേ കുതിക്കുകയായിരുന്ന നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ പിടിച്ചു കെട്ടി മോഹൻബഗാൻ. സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻബഗാൻ വിജയം കൊയ്തത്. വിജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തമായിരുന്ന ഹൈദരാബാദിന് വൻ തിരിച്ചടി ആണ് മത്സര ഫലം. കഴിഞ്ഞ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനോടും ഇതേ സ്കോറിന് തോൽവി പിണഞ്ഞിരുന്ന ടീം ഇതോടെ രണ്ടാം സ്ഥാനത്ത് തുടർന്നു. ഹ്യൂഗോ ബോമോസ് ആണ് നിർണായകമായ ഗോൾ നേടിയത്. മോഹൻബഗാൻ ഇതോടെ നാലാം സ്ഥാനത്തേക്ക് കയറി.
മത്സരം തുടങ്ങി പതിനൊന്നാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ മോഹൻബഗാനായി. ലിസ്റ്റൻ കോളാസോയിലൂടെ എത്തിയ ബോൾ ബോമോസ് മലയാളി താരം ആഷിക് കുരുണിയന് നൽകി. തിരിച്ചു ഹ്യൂഗോ ബോമോസിലേക്ക് തന്നെ പന്ത് എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹൻബഗാൻ അർഹിച്ച ഗോൾ സ്വന്തമാക്കി. മിനിട്ടുകൾക്ക് ശേഷം കോളാസോ എതിർ ഗോളിയുമായി നേർക്കുനേർ വന്നെങ്കിലും കീപ്പറുടെ കൈകളിലേക്ക് തന്നെ പന്ത് നൽകുകയാണ് ഉണ്ടായത്.
പിന്നീട് തുടർച്ചയായ ആക്രമണങ്ങൾ തൊടുത്തു വിട്ട ഹൈദരാബാദ് പലപ്പോഴും എതിർ ഗോൾ മുഖത്ത് ഭീതി വിതച്ചു. രണ്ടാം പകുതിയിൽ വീണ്ടും ഒരിക്കൽ കൂടി കോളാസോക്ക് സുവർണാവസം വീണു കിട്ടിയെങ്കിലും ഗുർമീത് സിങ് ഷോട്ട് തട്ടിയകറ്റി. ലക്ഷ്യം കാണാതെ പോയതിന് പുറമെ മികച്ച അവസരങ്ങൾ തുറന്നെടുക്കുന്നതിലും ഹൈദരാബാദ് വളരെ പിന്നോക്കം പോയ മത്സരമായിരുന്നു ഇത്.