വീണ്ടും ഗോവയ്ക്ക് മുന്നിൽ മുട്ടുമടക്കി മുംബൈ സിറ്റി

- Advertisement -

ഒരിക്കൽ കൂടെ എഫ് സി ഗോവയ്ക്ക് മുന്നിൽ മുംബൈ സിറ്റി മുട്ടുകുത്തി‌. ഇന്ന് മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആയിരുന്നു ഗോവൻ വിജയം. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ശക്തമായി പൊരുതിയാണ് മുംബൈ പരാജയം സമ്മതിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം.

മത്സരത്തിൽ ഗോവയാണ് നന്നായി തുടങ്ങിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്താൻ ഗോവയ്ക്കായി. ഇന്ത്യൻ താരം ലെന്നി റോഡ്രിഗസിലൂടെ മുന്നിൽ എത്തിയ ഗോവ കോറോയിലൂടെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ ഗോവൻ വിജയം ഉറച്ചു എന്നു കരുതിയെങ്കിലും രണ്ടാം പകുതിയിൽ കളി മാറി.

രണ്ടാം പകുതിയിലെ ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ മുംബൈ ഗോവയെ ഞെട്ടിച്ച് കൊണ്ട് തിരിച്ചടിച്ചു സ്കോർ 2-2 എന്നാക്കി. സർതകും സൗവികുമായിരുന്നു മുംബൈ സിറ്റിയെ ഗോളുമായി കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. പക്ഷേ ആ സമനില അധികം നീണ്ടു നിന്നില്ല. 59ആം മിനുട്ടിൽ ഹ്യൂഗോ ബോമസിലൂടെ ഗോവ തങ്ങളുടെ ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് ആ ലീഡ് നിലനിർത്താൻ ഗോവൻ ഡിഫൻസിനായി. കളിയുടെ അവസാനം പെനയിലൂടെ ഗോവ നാലാം ഗോളും വിജയവും ഉറപ്പിച്ചു. നാലു മത്സരങ്ങളിൽ നിന്ന് 8 പോയന്റുമായി ഗോവ ഇതോടെ ലീഗിൽ ഒന്നാമതായി.

Advertisement