യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യത. താരം ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നതായി താരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം കേരളത്തിൽ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നു. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോൾ കീപ്പർ ആയിരുന്നു ഗിൽ. ഗില്ലിന് പുതിയ കരാർ നൽകാനും ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട്.
ഗിൽ ഈ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ 19 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. ഈ മത്സരങ്ങളിൽ നിന്നായി 28 ഗോളുകൾ വഴങ്ങി. ഹീറോ സൂപ്പർ കപ്പിൽ ഗിൽ കളിച്ചിരുന്നുമില്ല. രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്. ഗിൽ തുടരുകയാണെങ്കിൽ അത് ക്ലബിന് ആശ്വാസമാകും.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 22 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി.
അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു. ബെംഗളൂരു എഫ്സിയിൽ നിന്നാണ് ഗിൽ 2020ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലേക്ക് എത്തിയത്.