എഫ് സി ഗോവയ്ക്കെതിരെ സീസണിൽ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കി. ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിൽ നിന്ന് കരകയറി ശക്തമായി കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോവ മൂന്നു പോയന്റുമായി മടങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.
ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു. കൊറോ ആണ് ഗോവയുടെ മികച്ച നീക്കത്തിനൊടുവിൽ ഇന്നത്തെ കൊച്ചിയിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ അതിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ കേരളം 29ആം മിനുട്ടിൽ അർഹിച്ച സമനില ഗോൾ നേടി. സി കെ വിനീതിലൂടെ ആയിരുന്നു കേരളത്തിന്റെ സമനില ഗോൾ.
രണ്ടാം പകുതിയിൽ കേരളം നന്നയി പൊരുതി എങ്കിലും ലീഡെടുക്കാനുള്ള മികവ് കേരളത്തിന് കാണിക്കാനായില്ല. ഇയാൻ ഹ്യൂമും സികെ വിനീതും അർധാവസരങ്ങളുമായി ഗോവൻ ബോക്സിൽ ചലനങ്ങൾ സൃഷ്ടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ഗോവൻ ഡിഫൻസിനെ തകർക്കാൻ.
76ആം മിനുട്ടിൽ ഒരു ഫ്ലിക്കിംഗ് ഹെഡറിലൂടെ എഡു ബേഡിയ ആണ് ഗോവയുടെ വിജയഗോൾ ആയി മാറിയ രണ്ടാം ഗോൾ നേടിയത്. ഗോവ രണ്ടാമതും ലീഡെടുത്തതോടെ ബ്ലാസ്റ്റേഴ്സ് പോരാട്ട വീര്യം ചോരുകയായിരുന്നു. മത്സരത്തിന് കിസിറ്റോ ഇല്ലാഞ്ഞതും റിനോ ആന്റോ ആദ്യ പകുതിയിൽ പരിക്കേറ്റ് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ജയിച്ച് നാലാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്. ഇന്നത്തെ തോൽവിയോടെ കേരളം ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial