സീസണിലെ മൂന്നാം മത്സരത്തിലും ജയം തുടർന്ന് എഫ്സി ഗോവ. ലീഡ് വഴങ്ങിയ ശേഷം രണ്ടാം പകുതിയിൽ രണ്ടു മിനിറ്റിനുള്ളിൽ കുറിച്ച രണ്ടു ഗോളുകളുടെ ബലത്തിലാണ് ഗോവ മത്സരം കൈക്കലാക്കിയത്. സന്ദേഷ് ജിങ്കൻ, വിക്റ്റർ റോഡ്രിഗ്വസ് എന്നിവർ ഗോവക്ക് വേണ്ടി വല കുലുക്കിയപ്പോൾ നോരേം മഹേഷ് ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വല കുലുക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗോവ. ഒരേയൊരു ജയം കൈമുതലായുള്ള ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്താണ്.
മത്സരത്തിന് മുന്നോടിയായി വാമപ്പിനിടെ പരിക്കേറ്റ നോവ സദോയി ഇല്ലാതെയാണ് ഗോവ ഇറങ്ങിയത്. പകരം വിക്റ്റർ റോഡ്രിഗ്വസ് ആദ്യ ഇലവനിൽ ഇടം പിടിച്ചു. മാൻ ഓഫ് ദ് മാച്ച് പ്രകടനവുമായി താരം അവസരം മുതലെടുത്തു. തുടക്കത്തിൽ തന്നെ ബോക്സിനുള്ളിൽ താരത്തിന്റെ ദുർബലമായ ഷോട്ട് കീപ്പർ കൈക്കലാക്കി. ബ്രണ്ടൻ ഫെർണാണ്ടസ് നൽകിയ ക്രോസും ഗിൽ കൈക്കലാക്കി. എങ്കിലും കൃത്യമായ അവസരങ്ങൾ ഇരു ഭാഗത്തും പിറക്കാതെയാണ് ആദ്യ പകുതിയിലെ ഭൂരിഭാഗം സമയവും കടന്ന് പോയത്. 31ആം മിനിറ്റിൽ ബ്രണ്ടന്റെ തകർപ്പൻ ഒരു ക്രോസിൽ മർട്ടിനസിന്റെ ഹെഡർ പോസ്റ്റിനിരുമി കടന്ന് പോയി. ഒടുവിൽ 41ആം മിനിറ്റിൽ നെറോം മഹേഷിന്റെ ഗോളിൽ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. കൗണ്ടർ നീക്കത്തിനോടുവിൽ നന്ദകുമാർ നൽകിയ പാസ് ബോക്സിന് തൊട്ടു പുറത്തു വെച്ച് ഒന്നാന്തരമൊരു ഷോട്ടിലൂടെ മഹേഷ് വലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ചതോടെ ഗോവ പന്തിന്മേലുള്ള ആധിപത്യം നിലനിർത്തി. ഇടക്ക് ബ്രണ്ടൻ ഫെർണാണ്ടസ് കൂടി പരിക്കേറ്റ് കയറിയത് ഗോവ വൻ തിരിച്ചടി നൽകി ഇഞ്ചുറി. എന്നാൽ വെറും രണ്ടു മിനിറ്റിന്റെ ഇടവേളയിൽ അവർ മത്സരത്തിലേക്ക് തിരിച്ചു വരുന്നതാണ് കണ്ടത്. 74ആം മിനിറ്റിൽ ജിങ്കനിലൂടെ സമനില ഗോൾ എത്തി. വലത് വിങ്ങിൽ ലഭിച്ച ഫ്രീകിക്കിൽ വിക്റ്ററിന്റെ തകർപ്പൻ ഷോട്ട് ബോക്സിലേക്ക് എത്തിയപ്പോൾ ഉയർന്ന ചാടി ജിങ്കൻ ഉതിർത്ത ഹെഡർ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. താരത്തിന്റെ ആദ്യ ഐഎസ്എൽ ഗോൾ ആയിരുന്നു ഇത്. ഗോൾ വഴങ്ങിയ ഞെട്ടലിൽ നിന്നും ഈസ്റ്റ് ബംഗാൾ തിരിച്ചു വരുന്നതിന് മുൻപ് ഗോവ വീണ്ടും ആഞ്ഞടിച്ചു. എതിർ പകുതിയിൽ നിന്നും ഗോവൻ താരങ്ങൾ കൈക്കലാക്കിയ പന്ത് മാർട്ടിനസിലേക്ക് എത്തിയപ്പോൾ താരം ബോക്സിൽ വിക്റ്റർ റോഡ്രിഗ്വസിലേക്ക് മറിച്ചു നൽകി. താരം മികച്ചൊരു ഫിനിഷിങിലൂടെ പന്ത് വലയിൽ എത്തിച്ചു. 75ആം മിനിറ്റിലാണ് ഗോൾ എത്തിയത്. പിന്നീട് ബോറിസിന്റെ ശ്രമം കീപ്പർ കൈക്കലാക്കി. സമനില ഗോളിനായി ഈസ്റ്റ് ബംഗാൾ ശ്രമം നടത്തിയെങ്കിലും പൊസെഷൻ കഴിവതും കയ്യിൽ വെച്ചു മത്സരത്തിലെ ലീഡ് നിലനിർത്താൻ ആയിരുന്നു ഗോവയുടെ ശ്രമം. ഇടക്ക് അവസരങ്ങൾ സൃഷ്ടിക്കാനും അവർക്കായി. അവസാന നിമിഷം മാർട്ടിനസിന്റെ ഷോട്ട് കീപ്പർ ഗിൽ തടഞ്ഞു.