പ്രതീക്ഷകൾ എല്ലാം ബാക്കിയാക്കി ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് കോട്ട വിട്ടു

- Advertisement -

ഒരു വർഷം മുമ്പ് ഈൽകോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി എത്തുന്നു എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ വലിയ അത്ഭുതങ്ങൾ കാണിച്ച പരിശീലകന് പക്ഷെ കേരളത്തിൽ എത്തിയപ്പോൾ ആ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ ആയില്ല. ഒരൊറ്റ വർഷം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിലെ ഷറ്റോരി കാലം അവസാനിച്ചു.

ഷറ്റോരിയെ പുറത്താക്കി കൊണ്ട് കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചിരിക്കുകയാണ്. ഷറ്റോരിയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന് ഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എങ്കിലും ഒരുപാട് പ്രതീക്ഷകൾ നൽകാൻ കഴിഞ്ഞിരുന്നു. ഷറ്റോരിയുടെ കീഴിൽ പന്ത് കയ്യിൽ വെച്ച് നന്നായി കളിക്കുന്ന ടീമായി ബ്ലാസ്റ്റേഴ്സ് മാറി.

ആർക്കും തോൽപ്പിക്കാൻ എളുപ്പമല്ലാത്ത ടീം. കേരളത്തിന്റെ ചിരവൈരികളായ ബെംഗളൂരു എഫ് സിക്ക് എതിരെ ആദ്യമായി ഒരു ജയം നേടി തരാനും ഷറ്റോരിക്കായി. ജെസ്സെലിനെയും മെസ്സിയെയും ജീക്സണെയും റാകിപിനെയും ഒക്കെ മികച്ച താരങ്ങളായി മാറ്റാനും അദ്ദേഹത്തിനായി. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങൾ ഒക്കെ നിരന്തരം പരിക്കിന്റെ പിടിയിലായിരുന്നില്ല എങ്കിൽ ഷറ്റോരി വലിയ അത്ഭുതങ്ങൾ തന്നെ കാണിച്ചേനെ ഇവിടെ‌.

ഒരു സീസൺ കൂടെ ഷറ്റോരിക്ക് നൽകിയാൽ കാര്യമായ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്സിന് നടത്താൻ ആകുമെന്ന് ഒരു വിഭാഗം ആരാധകർ വിശ്വസിച്ചിരുന്നു. ഷറ്റോരിയെ പുറത്താക്കുന്നത് ആ ആരാധകർക്ക് വലിയ നിരാശയും നൽകും. എങ്കിലും പുതിയ പരിശീലകൻ കിബു വികൂന ഷറ്റോരിയുടെ നല്ല സൂചനകൾ ഒക്കെ നല്ല വിജയങ്ങളാക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.

Advertisement