സീസണിൽ ആദ്യ തവണ ഏറ്റു മുട്ടിയപ്പോൾ നേടിയ അതേ സ്കോറിന് ഒരിക്കൽ കൂടി ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഹൈദരാബാദ് എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ഹൈദരാബാദ് വിജയം കണ്ടു. യാവിയർ സിവേറിയോയും ആരെൻ ഡി സിൽവയും ജേതാക്കൾക്കായി വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മുംബൈയുമായുള്ള പോയിന്റ് വ്യത്യാസം നാലായി ചുരുക്കാനും ഹൈദരാബാദിനായി.
ഹൈദരാബാദ് എഫ്സിയുടെ ആധിപത്യം ആയിരുന്നു തുടക്കം മുതൽ. കീപ്പർ കമൽജിത്തിന്റെ പ്രകടനം ഒഴിച്ചു നിർത്തിയാൽ ഈസ്റ്റ് ബംഗാൾ ഒന്നാം പകുതിയിൽ ചിത്രത്തിലേ ഇല്ലായിരുന്നു. മത്സരം ആരംഭിച്ചു ഒൻപതാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോൾ എത്തി. ബോർഹ ഹെരേര ഇടത് വിങ്ങിൽ നിന്നും പോസ്റ്റിനടുത്തേക്കായി ഉയർത്തി വിട്ട പന്ത് യാവിയർ സിവേറിയോ അനായാസം ഹെഡറിലൂടെ വലയിൽ എത്തിച്ചു. നിഖിൽ പൂജാരിയുടെ മികച്ചൊരു നീക്കത്തിന് ശേഷം സിവേറിയോക്ക് തന്നെ ലഭിച്ച മറ്റൊരു അവസരം കമൽജിത് തടുത്തു. രോഹിത് ദാനുവിന് ലഭിച്ച അവസരത്തിലും ഈസ്റ്റ് ബംഗാൾ കീപ്പർ വിലങ്ങുതടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ ചില മുന്നേറ്റങ്ങൾ മെനഞ്ഞെടുത്തു. ക്ലീറ്റൻ സിൽവക്ക് ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. നീളൻ ത്രോയിലൂടെ എത്തിയ ബോളിൽ വിപി സുഹൈറിന്റെ ഹെഡർ ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങി. പിന്നീട് ഓഗബച്ചേയുടെ ആക്രോബാറ്റിക് ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഹൈദരാബാദ് രണ്ടാം ഗോൾ നേടി. ഓഗബച്ചേയുടെ അസിസ്റ്റിൽ ആരെൻ ഡി സിൽവയാണ് വല കുലുക്കിയത്. താരത്തിന്റെ ആദ്യ ഐഎസ്എൽ ഗോൾ കൂടിയായിരുന്നു ഇത്.