പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ ഈസ്റ്റ് ബംഗാളിനായില്ല. ഇന്ന് അതിനിർണായകമായിരുന്ന മത്സരത്തിൽ അവർ ഹൈദരബാദിനെ അവസാന നിമിഷം കളി കൈവിട്ടു. ഇഞ്ച്വറി ടൈമിലാണ് ഹൈദരാബാദ് എഫ് സി സമനില നേടിയത്. ഹൈദരബാദിന്റെ അപരാജിത കുതിപ്പ് ഇതോടെ ഒമ്പതു മത്സരങ്ങൾ ആയി.
രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ രു കൗണ്ടർ അറ്റാക്കിൽ നിന്ന് ബ്രൈറ്റണാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്. പെൽകിങ്ടന്റെ ഹെഡിൽ നിന്ന് ഫ്രീ ആയ ബ്രൈറ്റൺ ഒറ്റയ്ക്ക് കുതിച്ച് കൊണ്ട് കട്ടിമണിയെ കീഴ്പ്പെടുത്തി ഗോൾ നേടുക ആയിരുന്നു. ഈ ഗോൾ ഈസ്റ്റ് ബംഗാളിന് വിജയം നൽകും എന്നാണ് കരുതിയത് എങ്കിലും 91ആം മിനുട്ടിൽ സാന്റാനയുടെ ഗോളിൽ ഹൈദരബാദ് എഫ് സി സമനില പിടിച്ചു. ഈസ്റ്റ് ബംഗാളിന് ഒരു പെനാൾട്ടി നൽകാത്ത റഫറിയുടെ തീരുമാനം കളിയുടെ വിധി നിർണയിക്കുന്നതിൽ നിർണായകമായി. കളിയുടെ അവസാന നിമിഷം ഹൈദരബാദ് താരം മുഹമ്മദ് യാസിർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഈ സമനില 24 പോയിന്റുമായി നിൽക്കുന്ന ഹൈദരബാദിനെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്തി. പക്ഷെ ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ അവസാനിച്ചിരിക്കുകയാണ്.