ധോണിയുടെ അവസാന കളി, സഞ്ജുവിന് രണ്ടാമനാകാനുള്ള കളി

Img 20220520 093824

ഒന്നാമതാകാനുള്ള രണ്ടാം സ്ഥാനത്തിന് വേണ്ടി രാജസ്ഥാൻ ഇന്നിറങ്ങുന്നു

പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം സ്ഥാനത്തിനായി ഇറങ്ങുന്നു. ഇപ്പോഴുള്ള മൂന്നാം സ്ഥാനം, നാലാം സ്ഥാനം ആകാൻ ഡെൽഹി- മുംബൈ കളി കാരണമായേക്കുമെങ്കിലും, അതു കൊണ്ട് പ്ലേ ഓഫിൽ കാര്യമില്ല. ഇന്ന് ചെന്നൈയെ തോൽപ്പിച്ചു രണ്ടാം സ്ഥാനം ഉറപ്പിച്ചാൽ, പ്ലേ ഓഫിൽ ഒരു കളി കൂടുതൽ കിട്ടും എന്ന ഉറപ്പുണ്ട്. സഞ്ജുവും സങ്കക്കാരയും ഒരു വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ന് ഏറ്റ്മുട്ടുന്നത് ധോണിയുടെ നേതൃത്വത്തിൽ മിക്കവാറും അവസാന കളി കളിക്കുന്ന ചെന്നൈയോടാണ്. അടുത്ത സീസണിൽ ധോണി ക്യാപ്റ്റനായി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. സിഎസ്‌കെ ക്യാമ്പിലെ സംസാരങ്ങൾ കേട്ടിടത്തോളം, ധോണി അടുത്ത തവണ കളിക്കാരൻ എന്ന ലേബലിൽ പോലും ആകില്ല ആ ക്യാമ്പിൽ ഉണ്ടാവുക. അങ്ങനെയെങ്കിൽ ധോണിയുടെ യാത്രയയപ്പ് കളി എന്ന നിലക്ക് എന്ത് വില കൊടുത്തും ഇന്നത്തെ കളി ജയിക്കാൻ അവർ ശ്രമിക്കും. പക്ഷെ അതിനും മാത്രമുള്ള ടീം ലോയൽറ്റി ഇപ്പോൾ ചെന്നൈ കളിക്കാർക്കുണ്ടോ എന്നത് വേറെ വിഷയം. ആ ടീമിൽ പലരുടെയും അവസാന ഐപിഎൽ കളിയാകും ഇന്ന്.Img 20220520 093809

 • ഒരു ചാൻസ് എടുക്കാൻ രാജസ്ഥാൻ തയ്യാറല്ല.
  ബട്ലരുടെ ഫോമാണ് അവരെ ഏറ്റവും വിഷമിപ്പിക്കുന്നത്. തുടർച്ചയായ മോശം സ്കോറുകൾ ജോസിനെ മാനസ്സികമായി തളർത്തരുതെ എന്നാണ് പ്രാർത്ഥന. ഹെറ്റിയുടെ തിരിച്ചു വരവ് ക്യാമ്പിൽ ഉണർവ്വ് പകർന്നിട്ടുണ്ട്. ബോൾട്ട് ഒരു ആൾ റൗണ്ടർ എന്ന നിലയിലേക്ക് വളർന്നു എന്നതും ആശ്വാസത്തിന് വക നൽകുന്നു.

  ടോസ് ലഭിച്ചാൽ ബാറ്റിങ്ങാകും സഞ്ജു തിരഞ്ഞെടുക്കുക. 200 നടുത്തുള്ള ഒരു ടാർഗറ്റ് ഉണ്ടാക്കാൻ സാധിച്ചാൽ,
  യുസിയും അശ്വിനും പന്ത് കറക്കിയെറിഞ്ഞു വരച്ച വരയിൽ ബാറ്റേഴ്സിനെ നിറുത്തും എന്ന വിശ്വാസം അവർക്കുണ്ട്. യശസ്വി, പടിക്കൽ, കുൽദീപ്, പ്രസിദ്ധ് തുടങ്ങിയവർ ഇപ്പോഴുള്ള ഫോം തുടർന്നാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

  പ്ലാനുകൾ പേപ്പറിൽ മാത്രമാണ് കാണാൻ ഭംഗിയുണ്ടാവുക എന്ന് നന്നായിട്ടറിയാവുന്ന സങ്കക്കാരയും, അവസാന പന്ത് വരെ വിജയത്തിനായി പൊരുതുന്ന ധോണിയാണ് അപ്പുറത്ത് എന്ന് ഓർമ്മയുള്ള സഞ്ജുവും, ഇന്നത്തെ കളിയെ ജീവൻ മരണ പോരാട്ടമായി തന്നെയാണ് എടുക്കുന്നത്. ഒന്നാമതാകാനുള്ള രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.

 • Previous articleകഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി വിരാട് കോഹ്‍ലി
  Next articleമറ്റൊരു വൻ സൈനിങ് കൂടെ, ഡേവിഡ് വില്യംസെയും മുംബൈ സിറ്റി സ്വന്തമാക്കി