ഉത്തേജക മരുന്ന്, ഡെൽഹി ഡൈനാമോസ് താരത്തിന് നാലു വർഷത്തോളം വിലക്ക് ലഭിക്കും

Newsroom

ഉത്തേജക മരുന്ന് പരിശോധനയിൽ അനുവാദമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതായി തെളിഞ്ഞതിനാൽ ഡെൽഹി ഡൈനാമോസ് താരം റാണ ഗരാമി പ്രതിക്കൂട്ടിൽ. താരത്തിനെ കടുത്ത നടപടി തന്നെ ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. നാലു വർഷത്തോളം താരത്തെ വിലക്കാനാണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നാഷണൽ ആന്റി ഡോപിംഗ് ഏജൻസി നടത്തിയ പരിശോധനയിലാണ് റാണ ഗരാമി ചില ഉത്തേജക മരുന്നുകൾ ഉപയോഗിച്ചതായി തെളിഞ്ഞത്.

എന്നാൽ ഈ സംഭവത്തിൽ ക്ലബിന് യാതൊരു പങ്കുമില്ല എന്ന് ഡെൽഹി ഡൈനാമോസ് അറിയിച്ചു. റാണയ്ക്ക് നിയമ സഹായങ്ങൾ നൽകും എങ്കിലും അതിന് റാണയ്ക്ക് ഈ മരുന്നുകൾ നൽകിയത് ക്ലബാണെന്ന് അർത്ഥമില്ല എന്ന് ക്ലബ് പറഞ്ഞു. ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നത് ക്ലബ് ഒരിക്കലും അംഗീകരിക്കില്ല എന്നും ഡെൽഹി ഡൈനാമോസ് വിശദീകരിച്ചു. നാലു വർഷത്തോളം വിലക്ക് വരുക ആണെങ്കിൽ അത് താരത്തിന്റെ കരിയറിന്റെ അവസാനമായി കണക്കാക്കേണ്ടി വരും. ഈ കഴിഞ്ഞ സീസണിൽ ഡെൽഹിക്കായി മികച്ച പ്രകടനം കാഴ്ചവെക്കാൻ റാണയ്ക്കായിരുന്നു.