കൊറോണ വരുത്തി വെച്ച പ്രതിസന്ധികൾ ഫുട്ബോൾ ലോകത്ത് നിന്ന് അത്ര പെട്ടെന്ന് ഒന്നും പോകില്ല. ലോകത്ത് എല്ലാവിടെയും ഈ ഫുട്ബോൾ സീസൺ ആകെ താളം തെറ്റിയിരിക്കുകയാണ്. ഇന്ത്യയിൽ ഐ എസ് എൽ ഫൈനൽ കഴിഞ്ഞു എങ്കിലും ഐ ലീഗ്, സന്തോഷ് ട്രോഫി, അക്കാദമി ലീഗുകൾ അങ്ങനെ ഒരുപാട് ടൂർണമെന്റുകൾ ആണ് ഉപേക്ഷിക്കേണ്ടി വന്നത്. എന്നാൽ ഈ പ്രശ്‌നങ്ങൾ ഒന്നും ഈ സീസൺ കൊണ്ട് അവസാനിക്കില്ല.
ഐ എസ് എല്ലിന്റെ അടുത്ത സീസൺ പതിവിൽ നിന്നും ഏറെ വൈകും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കഴിഞ്ഞ സീസൺ ഐ എസ് എൽ ഒക്ടോബറിൽ ആയിരുന്നു ആരംഭിച്ചത്. ഇത്തവണ പുതിയ രണ്ട് ടീമുകൾ കൂടെ വരുന്നതിനാൽ സെപ്റ്റംബറിൽ തന്നെ ലീഗ് ആരംഭിക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ആ പദ്ധതി ഒക്കെ എ ഐ എഫ് എഫ് ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഡിസംബർ വരെ ഐ എസ് എൽ നടക്കാൻ സാധ്യതയില്ല എന്നാണ് ഇപ്പോൾ സൂചനകൾ.
ഇന്ത്യയിലെ കൊറോണ നിയന്ത്രണ വിധേയമാകണമെങ്കിൽ ഓഗസ്റ്റ് എങ്കിലും ആകും എന്ന് പല വിദഗ്ദരും പറയുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ലീഗ് വൈകിപ്പിക്കാനുള്ള ആലോചനയും വരുന്നത്. ഇന്ത്യയിലെ അടുത്ത ഫുട്ബോൾ സീസൺ ആകെ നവംബർ അവസാനം വരെയോ ഡിസംബർ വരെയോ വൈകാൻ ആണ് സാധ്യത.