ക്ലിഫോർഡ് മിറാണ്ട എഫ് സി ഗോവയുടെ പരിശീലകൻ ആകും, ഡെറിക് ടെക്നിക്കൽ ഡയറക്ടർ

Newsroom

എഫ് സി ഗോവയുടെ താൽക്കാലിക പരിശീലകനായി മുൻ ഇന്ത്യൻ താരം ക്ലിഫോർഡ് മിറാൻഡയെ നിയമിച്ചു. എഫ് സി ഗോവയുടെ മുൻ പരിശീലകനായിരുന്ന സെർജിയോ ലൊബേരയെ രണ്ട് ദിവസം മുമ്പ് എഫ് സി ഗോവ പുറത്താക്കിയിരുന്നു‌. ആ ഒഴിവിലേക്കാണ് മിറാൻഡയെ ഗോവ എത്തിക്കുന്നത്. നേരത്തെ ഡെറിക് പെരേര ആകും താൽക്കാലിക പരിശീലകൻ എന്നായിരുന്നു കരുതിയത്. എന്നാൽ ഡെറികിനെ ടെക്നിക്കൽ ഡയറക്ടർ ആയാണ് ഗോവ നിയമിച്ചിരിക്കുന്നത്.

ക്ലിഫോർഡ് മിറാൻഡയുടെ ആദ്യ മുഖ്യപരിശീലകനായുള്ള വേഷമാകും ഇത്. കഴിഞ്ഞ വർഷം എ എഫ് സി എ ലൈസൻസ് മിറാൻഡ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം കളിച്ച താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ഇപ്പോൾ ഐ എസ് എല്ലിൽ ഒന്നാമത് ഉള്ള ഗോവയെ സീസൺ അവസാനം വരെ മിറാണ്ട തന്നെയാകും പരിശീലിപ്പിക്കുക. അവസാനമായി ഗോവ റിസേർവ്സിന്റെ പരിശീലകനായിരുന്നു മിറാണ്ട.