ബോസ്നിയൻ സെന്റർ ബാക്ക് ചെന്നൈയിനിൽ

- Advertisement -

പുതിയ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സി ഒരു വിദേശ സെന്റർ ബാക്കിനെ സൈൻ ചെയ്തിരിക്കുകയാണ്. ബോസ്നിയൻ താരമായ എനസ് സിപോവിച് ആണ് ചെന്നൈയിനുമായി കരാറിൽ എത്തിയത്. ഒരു വർഷത്തേക്കാണ് താരം ചെന്നൈയിനിൽ കരാർ ഒപ്പുവെച്ചത്. 30കാരനായ താരം അവസാന സീസണിൽ ഖത്തറിലായിരുന്നു കളിച്ചിരുന്നത്. ഖത്തർ ക്ലബായ ഉം സലാൽ എഫ് സിയിലെ കരാർ അവസാനിച്ചതോടെയാണ് സിപോവിച് ഐ എസ് എല്ലിൽ എത്തുന്നത്.

ഐ എസ് എല്ലിൽ കളിക്കുന്ന ആദ്യ ബോസ്നിയൻ താരമാണ് സിപോവിച്. ബോസ്നിയയുടെ അണ്ടർ 21 ടീമിൽ മുമ്പ് സിപോവിച് കളിച്ചിട്ടുണ്ട്. ഖത്തറിൽ അല്ലാതെ സൗദി അറേബ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലെ ലീഗിലും സിപോവിച് കളിച്ചിട്ടുണ്ട്. റൊമാനിയൻ ക്ലബായ‌ ഒടെലുൽ ഗലട്ടിയിൽ കളിക്കവെ അവിടെ ലീഗ് കിരീടവും നേടിയിട്ടുണ്ട്. താൻ 2014 മുതൽ ചെന്നൈയിന്റെ മത്സരം പുന്തുടരാറുണ്ട് എന്നും ഈ ക്ലബിൽ എത്തിയതിൽ സന്തോഷം ഉണ്ട് എന്നും കരാർ ഒപ്പുവെച്ച ശേഷം സിപോവിച് പറഞ്ഞു.

Advertisement