ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി 3-2ന് നാടകീയമായ തിരിച്ചുവരവ് നേടി. ഉജ്ജ്വലമായ പ്രത്യാക്രമണത്തിലൂടെ അഞ്ചാം മിനിറ്റിൽ നെസ്റ്റർ ആൽബിയച്ചിൻ്റെ ഗോളിൽ ഹൈലാൻഡേഴ്‌സ് നേരത്തെ തന്നെ സ്‌കോറിംഗ് ആരംഭിച്ചു. എന്നിരുന്നാലും ചെന്നൈയിൻ തിരിച്ചടിച്ചു. 25-ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ സമനില ഗോൾ നേടി.
പത്തു മിനിറ്റിനുശേഷം, റയാൻ എഡ്വേർഡ്സിൻ്റെ ഒരു ഫൗൾ ചെന്നൈയിന് പെനാൽറ്റി നേടിക്കൊടുത്തു, ലൂക്കാസ് ബ്രംബില്ല ആ കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ഹാഫ്ടൈമിന് മുമ്പ് സന്ദർശകർക്ക് 2-1ന്റെ ലീഡ് നൽകി.
രണ്ടാം പകുതിയിൽ ചെന്നൈയിൻ അവരുടെ ആക്രമണ കുതിപ്പ് തുടർന്നു, 51-ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ വീണ്ടും ഗോൾ നേടി, അവരുടെ ലീഡ് 3-1 ആയി ഉയർത്തി. 89-ാം മിനിറ്റിൽ അലാഡിൻ അജാറൈ പെനാൽറ്റി നേടിയത് കളി ആവേശകരമാക്കി. എങ്കിലും വിജയം ഉറപ്പിക്കാൻ ചെന്നൈയിനായി.
ചെന്നൈയിൻ എഫ്‌സി അവരുടെ അടുത്ത മത്സരത്തിൽ ഒക്ടോബർ 24 ന് എഫ്‌സി ഗോവയെ നേരിടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഒക്ടോബർ 26 ന് ജംഷഡ്പൂർ എഫ്‌സിയെയും നേരിടും.