ട്രാൻസ്ഫർ വിലക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത് ക്ലബിന്റെ ആരാധകർക്ക് വലിയ ആശങ്ക നൽകിയിരുന്നു. എന്നാൽ ആ ട്രാൻസ്ഫർ വിലക്കിൽ ആശങ്കപ്പെടേണ്ടത് ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ട്രാൻസ്ഫർ വിലക്ക് നീക്കാനുള്ള നടപടികൾ ക്ലബ് ഇതിനകം തന്നെ ആരംഭിച്ചു എന്നും ക്ലബ് പറഞ്ഞു. പെട്ടെന്ന് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ ആകും എന്നും ക്ലബ് ഉറപ്പ് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗിനെയും മറ്റു നിയമനങ്ങളെയും ഈ വിലക്ക് ബാധിക്കും എന്ന് പേടിക്കേണ്ടതില്ല എന്നും ക്ലബ് പറഞ്ഞു. മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ഈ താരത്തിന്റെ വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്ഫർ വിലക്ക് പിൻവലിക്കും. അതിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക പ്രതികരണം;

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ ട്രാന്‍സ്ഫര്‍ നിരോധനം മാനിച്ച്, അവശേഷിക്കുന്ന നിയമ ബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് കഴിയും. യഥാസമയം, ആവശ്യമായ ക്ലിയറന്‍സ് ലഭിക്കുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. താരങ്ങളുടെ റിക്രൂട്ട്‌മെന്റിനെയും, വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളെയും, നിരോധനം ഒരുതരത്തിലും ബാധിക്കില്ലെന്ന് എല്ലാ ആരാധകര്‍ക്കും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉറപ്പ് നല്‍കുന്നു.”

Advertisement