ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ ശുഭാപ്തിവിശ്വാസം പങ്കുവെച്ചു. ടീമിൻ്റെ പ്രകടനത്തിലും വളർച്ചയിലും തൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ രണ്ടാം പകുതിയിൽ (പ്രകടനം) ഞങ്ങൾ സന്തുഷ്ടരായിരുന്നു. നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ഒന്നിൽ കൂടുതൽ ഗോളുകൾ നേടാനായില്ല” മാധ്യമങ്ങളോട് സംസാരിച്ച സ്റ്റാഹ്രെ പറഞ്ഞു.
“എന്നാൽ ഞങ്ങൾക്ക് വളരെയധികം ഊർജമുണ്ട്, അവസാന മത്സരത്തിൽ വിജയിച്ചില്ലെങ്കിലും ഞങ്ങൾ വളരെ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷ എഫ്‌സിയുടെ നല്ല ടീമാണെന്നും എന്നാൽ ഞങ്ങൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും സ്റ്റാഹ്രെ ഊന്നിപ്പറഞ്ഞു. “ഇരു ടീമുകൾക്കും ശക്തിയും ദൗർബല്യവുമുണ്ട്. എന്നാൽ നമ്മൾ നമ്മുടെ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അവർക്ക് (ഒഡീഷ എഫ്‌സി) അവരുടെ ടീമിൽ ധാരാളം നല്ല കാര്യങ്ങൾ ഉണ്ട്, അതിനാൽ ഈ ഗെയിമിനായി ഞങ്ങൾക്ക് ഒരു പ്രത്യേക ഗെയിം പ്ലാൻ ഉണ്ടായിരിക്കണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.
ടീമിൻ്റെ ഇതുവരെയുള്ള പുരോഗതിയിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു, “ഇതുവരെയുള്ള പുരോഗതിയിൽ ഞാൻ സന്തുഷ്ടനാണ്, ഞങ്ങൾ ശരിയായ പാതയിലാണ്. ടീമിൻ്റെ ഭാഗമായിട്ടുള്ള എല്ലാ ആളുകൾക്കും അത് അനുഭവിക്കാനും കാണാനും കഴിയുമെന്ന് ഞാൻ കരുതുന്നു. ഡ്യൂറാൻഡ് കപ്പ് മുതൽ ഇങ്ങോട്ട് ഞങ്ങൾ കൂടുതൽ മെച്ചപ്പെടുന്നു.”