ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും തമ്മിലുള്ള ഐഎസ്‌എൽ പ്ലേ ഓഫ് നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമാനോവിച് ബെംഗളൂരു ടീമിന്റെ അപരാജിത കുതിപ്പിന് പ്ലേ ഓഫിൽ പ്രധാന്യമില്ല എന്ന് പറഞ്ഞു. എട്ട് കളികളിലെ മികച്ച വിജയ പരമ്പരയുമായാണ് ബെംഗളൂരു എഫ്‌സി എലിമിനേറ്റർ മത്സരത്തിനിറങ്ങുന്നത്.
“കഴിഞ്ഞ രണ്ട് സീസണുകളിൽ നമ്മൾ കണ്ടതുപോലെ, ഈ ലീഗിൽ എന്തും സാധ്യമാണ്. ആരും പ്രതീക്ഷിക്കാത്ത ചില ടീമുകൾ പ്ലേ ഓഫിൽ എത്തുന്നതും, ഫൈനലിൽ എത്തുന്നതും എല്ലാം ഇവിടെ സ്വാഭാവികമാണ്. ഈ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാം” കോച്ച് പറഞ്ഞു.
ബെംഗളൂരു മികച്ച ഫോമിൽ ആണെങ്കിൽ തോൽപ്പിക്കാൻ ആകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. “ഞങ്ങൾക്ക് ഞങ്ങളുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഉണ്ട്. ഞങ്ങൾക്ക് സെമിഫൈനൽ യോഗ്യത നേടണം, അതിനായി ഞങ്ങൾ എല്ലാം ചെയ്യും,” അദ്ദേഹം പറഞ്ഞു.
“പ്ലേഓഫിലേക്ക് വരുമ്പോൾ, അത് ഒരു ഗെയിം മാത്രമാണ്. അതിനു മുമ്പ് എത്ര കളി വിജയിച്ചു എന്നതിൽ കാര്യമില്ല. ഈ മത്സരത്തിലെ 90-95 മിനിറ്റോ അതിലും കൂടുതലുള്ള സമയത്തിലോ മാത്രമാണ് കാര്യം” ഇവാൻ പറഞ്ഞു.