മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ അലൻ കോസ്റ്റ രക്ഷകനായി അവതരിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു വിജയം കണ്ടത്. ശിവശക്തി, അലൻ കോസ്റ്റ എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി ഫിലിപ്പോടോയാണ് വല കുലുക്കിയത്. ഇതോടെ എട്ടാം സ്ഥാനത്തേക്ക് കയറാനും ബെംഗളൂരുവിനായി.
സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തി ടീമിനെ അണിനിരത്തിയ ബെംഗളൂരു, യുവതാരം ശിവശക്തി നാരായണിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച ഒരവസരത്തിൽ എമിൽ ബെന്നിയുടെ ത്രൂ പാസ് പിടിച്ചെടുത്തു ഓടിക്കയറിയ വിൽമർ ഗില്ലിന്റെ ഷോട്ട് തടുക്കാൻ ഗുർപ്രീത് സിങിനായി. പിന്നീട് വലിയ അവസരങ്ങൾ ഒന്നും ഇരു ടീമുകളും സൃഷ്ടിച്ചില്ല. ആദ്യ പകുതിക്ക് മുൻപ് ശിവശക്തിയുടെ ഷോട്ട് നോർത്ത് ഈസ്റ്റ് കീപ്പർ മിർഷാദ് മിച്ചു സേവ് ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൽമർ ഗിലിന്റെ പാസിൽ എമിൽ ബെന്നി തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അൻപാതം മിനിറ്റിൽ ബെംഗളൂരു ഗോൾ കണ്ടെത്തി. എതിർ താരങ്ങളെ ഡ്രിബിൾ ചെയ്തു കയറിയ പരാഗ് ശ്രിവാസ് നൽകിയ പന്ത് ചിപ്പ് ചെയ്‌തെന്ന പോലെ ലക്ഷ്യത്തിലേക്ക് തൊടുത്ത ശിവശക്തിയുടെ ശ്രമം പോസ്റ്റിൽ തട്ടി വലയിൽ എത്തിയപ്പോൾ കീപ്പർ മിർഷാദിന് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ. പിന്നീട് സമനില ഗോളിനായി നോർത്ത് ഈസ്റ്റ് കിണഞ്ഞു പരിശ്രമിച്ചു. ആറുപതിയാറാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഗോൾ എത്തി. ഫ്രീകിക്കിൽ നിന്നും ഫിലിപ്പോടോയാണ് വല കുലുക്കിയത്. കൃത്യമായി ബ്ലോക്ക് ഒരുക്കുന്നതിൽ ബെംഗളൂരു പരാജയപ്പെട്ടപ്പോൾ താരം താരങ്ങലക്കിടയിലൂടെ തന്നെ അനായാസം പന്ത് വലയിലേക്ക് എത്തിച്ചു. പ്രഭിർ ദാസിന്റെ ക്രോസിൽ സുനിൽ ഛേത്രി തൊടുത്ത ഒന്നാന്തരമൊരു ഡൈവിങ് ഹെഡർ മിർഷാദ് രക്ഷിച്ചെടുത്തു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ബെംഗളൂരു കാത്തിരുന്ന ഗോൾ എത്തി. ഉദാന്ത സിങ്ങിന്റെ ക്രോസിൽ തലവെച്ച് പ്രതിരോധ താരം അലൻ കോസ്റ്റയാണ് നിർണായകമായ ഗോൾ നേടിയത്. ഇതോടെ രണ്ടു മത്സരങ്ങളിലെ തോൽവിക്ക് ശേഷം ബെംഗളൂരു വീണ്ടും വിജയം നുണഞ്ഞു.