പ്രീസീസൺ ടൂറിനായി സ്പെയിനിൽ ഉള്ള ബെംഗളൂരു എഫ് സിക്ക് തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ സഗുന്റീനോയോടാണ് ബെംഗളൂരു പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പാനിഷ് ക്ലബ് വിജയിച്ചത്. കളിയുടെ 84ആം മിനുട്ട് വരെ ബെംഗളൂരു എഫ് സി സ്പാനിഷ് ടീമിനെ 1-1 എന്ന നിലയിൽ സമനിലയിൽ പിടിച്ചിരുന്നു.
സുനിൽ ഛേത്രി, ഉദാന്ത, മലയാളി താരം റിനോ ആന്റോ എന്നിവർ ബെംഗളൂരു എഫ് സിക്കായി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഏഴാം മിനുട്ടിൽ തന്നെ സ്പാനിഷ് ക്ലബ് ലീഡെടുത്തപ്പോൾ ഒരു വൻ പരാജയം നേരിടേണ്ടി വരുമെന്ന് ബെംഗളൂരു പേടിച്ചു എങ്കിലും പിന്നീട് ടീം ശക്തമായി തിരിച്ചുവന്നു. 53ആം മിനുറ്റിൽ ദിമാസ് ദെൽഗാഡീയിലൂടെ ബെംഗളൂരു സമനില പിടിച്ചു. ആ സമനില 84ആം മിനുട്ട് വരെ നീണ്ടു നിന്നു.
സബ്സ്റ്റിട്യൂട്ടായി ഇറങ്ങി ഭൂട്ടാൻ താരം ചെഞ്ചോ ബെംഗളൂരുവിനായി അരങ്ങേറി. മലയാളി താരം റിനോ 78 മിനുട്ടോളം കളിച്ചു. ഇനി ആറാം തീയതി ദുബായ് ക്ലബായ ശബാബ് അൽ അഹ്ലിയോടാണ് ബെംഗളൂരുവിന്റെ കളി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial