ക്ലാസിക്ക് തിരിച്ചടി!! ബെംഗളൂരു എഫ് സിയോടുള്ള കലിപ്പടക്കി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

അങ്ങനെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനം. കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബെംഗളൂരു എഫ് സിയെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഇന്ന് ഐ എസ് എല്ലിൽ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മഞ്ഞപ്പട ബെംഗളൂരു എഫ് സിയോടുള്ള കലിപ്പടക്കിയത്. ക്യാപ്റ്റൻ ഒഗ്ബെചെയുടെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

ഇന്ന് ആദ്യ പകുതിയിൽ കേരള ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ബെംഗളൂരു ആണ് ആദ്യം ഗോളടിച്ചത്. 16ആം മിനുട്ടിൽ ദെഷോർൺ ബ്രൗൺ ആണ് ബെംഗളൂരുവിന് ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി. ഒഗ്ബെചെ എടുത്ത ഫ്രീകിക്ക് തടയാൻ ഗുർപ്രീതിനായില്ല.

രണ്ടാം പകുതിയിൽ 72ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മെസ്സിയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഒഗ്ബെചെ ഒരു പിഴവും ഇല്ലാതെ ലക്ഷ്യത്തിൽ എത്തിച്ചു. ഒഗ്ബെചെയുടെ സീസണിലെ പതിമൂന്നാം ഗോളായിരുന്നു ഇത്. ഇന്നത്തെ ഗോളുകളോടെ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയും മാറി. സീസണിലെ കൊച്ചിയിലെ അവസാന മത്സരം വിജയം കൊണ്ട് അവസാനിപ്പിക്കാൻ ആയത് ആരാധകർക്കും ടീമിനും ഒരേ പോലെ സന്തോഷം നൽകും.

Advertisement