ബെംഗളൂരു എഫ് സി ഫൈനൽ ഉറപ്പിച്ചു. ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആണ് ബെംഗളൂരു ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നിശ്ചിത സമയത്ത് മുംബൈ സിറ്റി 2-1ന് വിജയിച്ചിരുന്നു. എങ്കിലും ആദ്യ പാദത്തിൽ ബെംഗളൂരു 1-0ന് ജയിച്ചതിനാൽ അഗ്രിഗേറ്റ് സ്കോർ 2-2ൽ നിന്നു. തുടർന്നാണ് പെനാൾട്ടി വരെ കളി എത്തിയത്. 18 പെനാൾട്ടികൾ എടുക്കേണ്ടി വന്ന ഷൂട്ടൗട്ടിൽ 9-8നാണ് ബെംഗളൂരു വിജയിച്ചത്.
ആദ്യ പാദ സെമിയേക്കാൾ ആവേശകരമായിരുന്നു രണ്ടാം പാദ പോരാട്ടം എന്ന് പറയാം. മത്സരം ആരംഭിച്ച് 10ആം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ മുംബൈ സിറ്റിക്ക് അവസരം ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത ഗ്രെഗ് സ്റ്റുവർട്ടിന് പിഴച്ചു. മത്സരം ഗോൾ രഹിതമായി തുടർന്നു. 22ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ശിവശക്തി നൽകിയ ക്രോസ് ഹെഡ് ചെയ്തു കൊണ്ട് ഹാവി ഹെർണാണ്ടസ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകി. സ്കോർ 1-0. അഗ്രിഗേറ്റിൽ 2-0.
ഈ ഗോളിന് പെട്ടെന്ന് തന്നെ മുംബൈ സിറ്റി മട്ടുപടി നൽകി. മുപ്പതാം മിനുട്ടിൽ ഒരു റീബൗണ്ടിൽ നിന്ന് ബിപിൻ സിംഗ് സമനില ഗോൾ നേടി. സ്കോർ 1-1. അഗ്രിഗേറ്റ് 2-1. രണ്ടാം പകുതിയിൽ മുംബൈ സിറ്റി അവർ ആഗ്രഹിച്ച രണ്ടാം ഗോൾ കണ്ടെത്തി. 66ആം മിനുട്ടിൽ മെഹ്താബ് ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്. സ്കോർ 1-2. അഗ്രിഗേറ്റി 2-2 എന്ന നിലയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം.
പിന്നെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിൽ ബെംഗളൂരു വലിയ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. ആദ്യ പകുതിയുടെ അവസാനവും അഗ്രിഗേറ്റ് സ്കോർ 2-2 എന്ന തുടർന്നു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.
സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ ആദ്യ കിക്ക് വലയിൽ എത്തിച്ചു. ബെംഗളൂരു എഫ് സിയുടെ ഹാവിയും ആദ്യ കിക്ക് വലയിൽ എത്തിച്ചു. പെരേര ഡിയസ് ആണ് മുംബൈ സിറ്റിയുടെ രണ്ടാം കിക്ക് എടുത്തത്. അതു വലയിൽ. സ്കോർ 2-1. റോയ് കൃഷ്ണയുടെ കിക്കും ഗോളായതോടെ സ്കോർ 2-2 എന്നായി.
ചാങ്തെ അനായാസം മൂന്നാം കിക്ക് വലയിൽ എത്തിച്ച് മുംബൈ സിറ്റിയെ 3-2ന് മുന്നിൽ എത്തിച്ചു. അലൻ കോസ്റ്റ എടുത്ത ബെംഗളൂരുവിന്റെ മൂന്നാം പെനാൾട്ടി കിക്ക് ടോപ് കോർണറിൽ. സ്കോർ 3-3. അടുത്ത കിക്ക് ജാഹു സ്കോർ ചെയ്തു 4-3 മുംബൈ സിറ്റിക്ക് അനുകൂലം. ബെംഗളൂരുവിന്റെ നാലാം കിക്ക് എടുത്തത് സുനിൽ ഛേത്രിയും ലക്ഷ്യം കണ്ടു. 4-4.
അഞ്ചാം കിക്ക് എടുത്ത രാഹുൽ ബെകെ കൂടെ വല കണ്ടതോടെ സ്കോർ 5-4. ബെംഗളൂരുവിന്റെ അഞ്ചാം കിക്ക് എടുത്ത പാബ്ലോ പെരസിന് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആയി. 5-5. കളി സഡൻ ഡെത്തിലേക്ക്. ആറാം കിക്ക് എടുത്ത യുവതാരം വിക്രമിനും പിഴച്ചില്ല. 6-5. ബെംഗളൂരുവിന്റെ പ്രബീർ ദാസിനും പിഴച്ചില്ല. 6-6
മുംബൈയുടെ ഏഴാം കിക്ക് ഫാൾ വലയിലേക്ക് എത്തിച്ചു. 7-6. ബെംഗളൂരുവിന്റെ കിക്ക് എടുത്ത രോഹിത് കുമാറും വലയിലേക്ക്. 7-7. വിനീത് റായ് മുംബൈയുടെ എട്ടാം പെനാൾട്ടിയും വലയിലേക്ക് തൊടുത്തു. 8-7. സുരേഷിന്റെ എട്ടാം പെനാൾട്ടിയും ലക്ഷ്യം കണ്ടു. 8-8. മുംബൈയുടെ ഒമ്പതാം കിക്ക് മെഹ്താബ് എടുത്തു.ആ കിക്ക് ഗുർപ്രീത് തടഞ്ഞു. സ്കോർ 8-8. ജിങ്കൻ ബെംഗളൂരുവിന്റെ ഒമ്പതാം പെനാൾട്ടി എടുത്തു. വിജയവും ഉറപ്പിച്ചു. 9-8 ബെംഗളൂരു ഫൈനലിലേക്ക്.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഹൈദരബാദും എ ടി കെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളെ ആകും ഫൈനലിൽ ബെംഗളൂരു നേരിടുക.