പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ എഫ്.സി ഗോവ ഇന്ന് ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളുരുവിന്റെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോവക്ക് ജാംഷെദ്പുരിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താം. നേരത്തെ ഇരു ടീമുകളും ഗോവയിൽ ഏറ്റുമുട്ടിയപ്പോൾ ആവേശകരമായ മത്സരത്തിൽ 4-3ന് ഗോവ ജയം സ്വന്തമാക്കിയിരുന്നു.
തുടർച്ചയായ നാല് മത്സരങ്ങൾ ജയിച്ചാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള ബെംഗളൂരു പോയിന്റ് പട്ടികയിൽ 5 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. എ.എഫ്.സി കപ്പ് അടക്കം തുടർച്ചയായി മത്സരങ്ങളാണ് ബെംഗളുരുവിന് വരാൻ ഉള്ളത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ജയിച്ച് നേരത്തെ പ്ലേ ഓഫ് ഉറപ്പിക്കാനാവും ബെംഗളുരുവിന്റെ ശ്രമം. മികച്ച ഫോമിലുള്ള മികുവും ഛേത്രിയും അടങ്ങുന്ന ആക്രമണ നിര തന്നെയാണ് ബെംഗളുരുവിന്റെ ശ്കതി.
ലീഗിലെ മികച്ച ആക്രമണ നിരയുമായാണ് ഗോവ ഇറങ്ങുന്നത്. ഐ.എസ്.എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമാണ് ഗോവ. പക്ഷെ ഗോൾ വഴങ്ങുന്ന പ്രതിരോധമാണ് അവരുടെ പ്രശ്നം. ഗോൾ വഴങ്ങിയവരുടെ കൂട്ടത്തിൽ ഡൽഹിക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ് ഗോവയുടെ സ്ഥാനം. കഴിഞ്ഞ മത്സരത്തിൽ മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയിട്ടും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് സമനില വഴങ്ങിയ ഗോവ അതിനു മുൻപത്തെ മത്സരത്തിൽ മുംബൈ സിറ്റിയോട് 3-4 തോൽക്കുകയും ചെയ്തിരുന്നു. 13 ഗോളുകളുമായി ലീഗിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കോറോമിനാസിൽ പ്രതീക്ഷ അർപ്പിച്ചാവും ഗോവ ഇന്നിറങ്ങുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial