ആദ്യ പകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ബെംഗളൂരു എഫ് സി ഇന്ന് ഗോവയ്ക്ക് എതിരെ പുറത്തെടുത്ത രണ്ടാം പകുതിയിലെ പ്രകടനം പകരം വെക്കാൻ ഇല്ലാത്തതാണ് എന്ന് പറയാം. ലീഗിൽ ആര് തലപ്പെത്ത് എന്നും എന്ന് തീരുമാനിക്കപ്പെടുന്ന നിർണായക മത്സരത്തിൽ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ബെംഗളൂരു തകർത്തത്. മൂന്ന് ഗോളുകളും റഫറിയുടെ ഒരു തെറ്റായ തീരുമാനത്തിനെതിരെ ബെംഗളൂരു കാണിച്ച ഊർജ്ജമായി വേണം വിലയിരുത്താൻ.
ആദ്യ പകുതിയിൽ ബെംഗളൂരുവിന്റെ നിഷു കുമാർ ആണ് രണ്ട് മഞ്ഞക്കാർഡ് വാങ്ങി കളം വിട്ടത്. എന്നാൽ ഇതിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് ഒരു മഞ്ഞക്കാർഡ് അർഹിക്കുന്ന ഫൗൾ ആയിരുന്നില്ല. റഫറിയുടെ തീരുമാനം കമന്ററി പറയുന്നവരെ വരെ ഞെട്ടിച്ചിരുന്നു. രണ്ടാം പകുതിയിൽ റഫറിയുടെ തീരുമാനത്തിലെ പ്രതിഷേധം ബെംഗളൂരു കളിയിൽ കാണിച്ചു. മൂന്ന് എണ്ണം പറഞ്ഞ ഗോളുകളാണ് കണ്ടീരവയിൽ പിറന്നത്.
ആദ്യ ജുവാനാനും പിന്നെ ഉദാന്തയും ഒന്നിനു പിറകെ ഒന്നായി ഗോൾ അടിച്ചു. വിജയം ഉറപ്പിച്ച മൂന്നാം ഗോൾ മികുവിന്റെ കാലിൽ നിന്നാണ് പിറന്നത്. ഒരു സ്ക്രീമർ തന്നെ ആയിരുന്നു ആ ഗോൾ. മികുവിന്റെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനവും ഇന്ന് കാണാൻ കഴിഞ്ഞു.
ഇന്നത്തെ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ബെംഗളൂരു തിരികെ പിടിച്ചു. ഇനി ഒരു മത്സരം മാത്രം ശേഷിക്കെ ബെംഗളൂരുവിൽ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ ഗോവയ്ക്ക് കഴിഞ്ഞേക്കില്ല.