ഫാന്‍ ബാനര്‍ മത്സരം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് ‌സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: ഒക്ടോബര്‍ 23, 2020: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍, ക്ലബ്ബിന്റെ ആവേശഭരിതവും വിപുലവുമായ ആരാധകവൃന്ദത്തിന് അവരുടെ സന്ദേശങ്ങള്‍ അറിയിക്കാനും താരങ്ങള്‍ക്ക് പിന്തുണ പ്രകടിപ്പിക്കാനും അതുല്യ അവസരമൊരുക്കി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഔദ്യോഗിക ഇന്‍ സ്‌റ്റേഡിയം ഫാന്‍ ബാനര്‍ മത്സരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ക്ലബ്ബ് ആരാധകരിലേക്ക് എത്തിച്ചേരാനാണ് ഔദ്യോഗിക കെബിഎഫ്‌സി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഓണ്‍ലൈനിലൂടെയുള്ള മത്സരം ഉദ്ദേശിക്കുന്നത്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബാനറിലൂടെ ഗോവയിലെ കെബിഎഫ്‌സി മത്സരങ്ങളില്‍ പങ്കാളികളാവാന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മുതല്‍ അവസരമൊരുങ്ങും. തെരഞ്ഞെടുത്ത ഡിസൈനുകള്‍ മത്സരവേദികളിലെ സ്റ്റാന്‍ഡുകളില്‍ അച്ചടിച്ച് പ്രദര്‍ശിപ്പിക്കുകയും ഇത് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണ സമയത്ത് കാണിക്കുകയും ചെയ്യും. കെബിഎഫ്‌സിയോടുള്ള നിങ്ങളുടെ അഭിനിവേശം, കമ്മ്യൂണിറ്റി, അല്ലെങ്കില്‍ കേരളം എന്നീ മൂന്ന് പ്രമേയങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകള്‍ 2020 ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 2 വരെ എല്ലാ ആരാധകര്‍ക്കും സമര്‍പ്പിക്കാം. ഡിസൈനുകളുടെ വ്യാപ്തി, മത്സരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് കെബിഎഫ്‌സി വെബ്‌സൈറ്റായ www.keralablastersfc.in സന്ദര്‍ശിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മത്സരത്തിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാം.

ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളും അടച്ചിട്ട വേദികളില്‍ നടക്കുന്നതിനാല്‍, സ്‌റ്റേഡിയത്തിലെ ഫാന്‍ ബാനറുകള്‍ ടീമിനുള്ള പ്രചോദനമായും നിരന്തരമായ പിന്തുണയുടെയും പ്രഭവമായി പ്രവര്‍ത്തിക്കും. അവരുടെ വീടുകളുടെ സൗകര്യത്തിലും സുരക്ഷയിലുമിരുത്തി മത്സരത്തിന്റെ ഭാഗമാക്കുകയും, താരങ്ങള്‍ക്ക് ആര്‍പ്പുവിളിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന സംരംഭത്തിലൂടെ ആരാധകരെ ഉള്‍ക്കൊണ്ടുള്ള മുന്നേറ്റവും ക്ലബ്ബ് തുടരുകയാണ്.

രാജ്യത്തെ ഏറ്റവും ആരവമുള്ളതും ഊര്‍ജ്ജസ്വലവുമായ ആരാധകവൃന്ദങ്ങളിലൊന്നുള്ളതില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സഹ ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഇത്തരം ആരാധക സംസ്‌കാരം ഇന്ത്യയില്‍ സമാനതകളില്ലാത്തതാണെന്നും അവരുടെ അഭിനിവേശവും വൈകാരികതയും താരങ്ങള്‍, സ്റ്റാഫുകള്‍, മാനേജ്‌മെന്റ് എന്നിങ്ങനെ ക്ലബിലെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മുന്നില്‍ കളിക്കുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല, എങ്കിലും, സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന ഈ പ്രത്യേക സീസണില്‍ ഇത്തരം സംരംഭങ്ങള്‍ ആരാധകരെ അവര്‍ പിന്തുണക്കുന്ന ക്ലബുമായി കൂടുതല്‍ അടുക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.