കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എ.ടി.കെ ഒന്നാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. എ.ടി.കെയുടെ സ്വന്തം ഗ്രൗണ്ടായ വിവേകാനന്ദ യുഭ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പൂനെക്കെതിരെ കനത്ത തോൽവിയുടെ പിന്നാലെയാണ് എ.ടി.കെ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ ദിവസം എ.ടി.കെയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടെഡി ഷെറിങ്ങ്ഹാമിന് പകരം ആഷ്ലി വെസ്റ്റ് വൂഡ് ആണ് എ.ടി.കെയുടെ ടീമിനെ ഇന്നിറക്കുക. 10 മത്സരങ്ങളിൽ നിന്നായി വെറും 3 ജയം മാത്രം നേടിയതോടെയാണ് ഷെറിങ്ങ്ഹാമിനെ പുറത്താക്കാൻ കൊൽക്കത്ത തീരുമാനിച്ചത്. രണ്ട് തവണ ചാമ്പ്യന്മാരായ എ.ടി.കെ ഇതുവരെ കഴിഞ്ഞ ഐ.എസ്.എൽ സീസണുകളിൽ എല്ലാം പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. പുതിയ കോച്ചിന് കീഴിൽ വിജയം നേടിയില്ലെൽ അത് അവരുടെ പ്ലേ ഓഫ് യോഗ്യതക്ക് ഭീഷണിയാകും. എ.ടി.കെയുടെ സൂപ്പർ താരം റോബി കീനിനു പരിക്കേറ്റതും അവർക്ക് തിരിച്ചടിയാവും.
മറുവശത്ത് ചെന്നൈയിൻ ആവട്ടെ നോർത്ത് ഈസ്റ്റിനോട് തോറ്റാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ തവണ ചെന്നൈയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3 -2 ന് ചെന്നൈയിൻ വിജയം സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial