ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാനിച്ചപ്പോൾ കഴിഞ്ഞ വർഷം നേടിയ ലീഗ് ഷീൽഡ് നിലനിർത്താനായില്ലെങ്കിലും ഇത്തവണ ഐ.എസ്.എൽ കപ്പ് നേടിയാണ് മുംബൈ സിറ്റി അതിന് പകരം വീട്ടിയത്.പോയിന്റ് പട്ടികയിൽ 22 മത്സരങ്ങളിൽ നിന്ന് 47 പോയിന്റോടെയായിരുന്നു മുംബൈ സിറ്റി ഈ സീസൺ ലീഗ് ഘട്ടം അവസാനിപ്പിച്ചത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇത്തവണ മുംബൈക്ക് ഷീൽഡ് നഷ്ട്ടമായത്.എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയൊരു മലയാളി സാന്നിധ്യം ഈ മുംബൈ ടീമിന്റെ കൂടെയുണ്ടായിരുന്നു. തൃശൂർ വെങ്കിടങ്ങ് സ്വദേശിയായ അഖിലേഷ് കെ.എസ് ആയിരുന്നു അത്.
മുംബൈ സിറ്റിയുടെ മെഡിക്കൽ & റിഹാബിലിറ്റേഷൻ ടീമിലെ അംഗമാണ് ഈ തൃശ്ശൂർകാരൻ .മുംബൈ ടീമിലെ കളിക്കാരെ പരിക്ക് പറ്റാതെ നോക്കുന്നതും മികച്ച പ്രകടനങ്ങൾക്ക് ഉത്തേജനം നൽകുന്നതും ടീം ഫിസിയോമാരിൽ ഒരാളായ അഖിലേഷിന്റെ നേതൃത്വത്തിൽ കൂടിയാണ്. അതായത് മുംബൈ സിറ്റി ടീമിന്റെ എൻജിന് തകരാർ വരാതെ നോക്കുന്നതും അഥവാ വല്ല തകരാറും വന്ന് കഴിഞ്ഞാൽ കണ്ടീഷൻ പഴയ പോലെയാക്കാൻ വേണ്ടത് ചെയ്യുന്നതും ടീമിന്റെ മെഡിക്കൽ & റിഹാബിലിറ്റേഷൻ ടീമാണ്. താരങ്ങളുടെ ഫിറ്റ്നസിനെ പറ്റിയുള്ള കാര്യങ്ങളിൽ മുഖ്യ പരിശീലകനുമായി ചർച്ച ചെയ്ത് വേണ്ട തീരുമാനങ്ങൾ എടുക്കുന്നതും നിർദ്ദേശങ്ങൾ നൽകുന്നതും ഇവരുടെ നേതൃത്വത്തിൽ കൂടിയാണ്.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നായ പഞ്ചാബ് അമൃത്‌സറിലെ ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അഖിലേഷ് മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പഠിച്ചത്. അഖിലേഷ് കരിയർ തുടങ്ങുന്നതും ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ കൂടെയാണ്. യൂണിവേഴ്സിറ്റി ടീമിൽ ഫിസിയോ ആയിരുന്ന സമയത്ത് ടീം ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണ്ണമെന്റിലും ഖേലോ ഇന്ത്യാ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. ഇതേ സമയത്ത് തന്നെ അഖിലേഷ് പഞ്ചാബ് സന്തോഷ് ട്രോഫി ടീമിന്റെയും ഭാഗമായിട്ടുണ്ട്.
പ്രൊഫഷണൽ ഫുട്ബോൾ ടീമിൽ ആദ്യമായി അഖിലേഷ് പ്രവർത്തിക്കുന്നത് കേരള പ്രീമിയർ ലീഗ് ടീം ലൂക്കാ സോക്കർ ക്ലബിന്റെ കൂടെയായിരുന്നു. രണ്ട് മാസം മാത്രമായിരുന്നു അഖിലേഷ് ലൂക്കയിലുണ്ടായിരുന്നത്. അതിന് ശേഷം ഗോകുലം കേരള റിസർവ്വ് ടീമിന്റെ ഫിസിയോ ആയിരുന്നു. 2020-21 കേരള പ്രിമിയർ ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഗോകുലത്തിൽ നിന്ന് അഖിലേഷ് നേരെ പോയത് ഐ-ലീഗിലെ കൊൽക്കത്തൻ ക്ലബ് മൊഹമ്മദൻസിലേക്കായിരുന്നു .മൊഹമ്മദൻസിന്റെ കൂടെ കൽക്കട്ട ലീഗ് ചാമ്പ്യൻമാരാവുകയും 2021 ഡ്യൂറൻഡ് കപ്പ് റണ്ണേഴ്സാവുകയും ചെയ്തിരുന്നു. ഐ ലീഗിലെ ഈ അനുഭവത്തിന്റെ ബലത്തിലാണ് അഖിലേഷ് ഐഎസ്എല്ലിലെ വമ്പൻ ടീമായ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മുംബൈ സിറ്റി എഫ്.സി യിലേക്ക് എത്തുന്നത്, ടീമിന്റെ കൂടെയുള്ള ആദ്യ സീസണിൽ തന്നെ ഷീൽഡ് നേട്ടത്തിൽ പങ്കാളിയാവാനും അഖിലേഷ് കെ.എസിന് കഴിഞ്ഞിരുന്നു, ഇപ്പോഴിതാ ഈ സീസണിൽ മുംബൈ സിറ്റിയുടെ ഐ.എസ്.എൽ കപ്പ് നേട്ടത്തിലും അഖിലേഷിന് ഭാഗമാവാൻ കഴിഞ്ഞു. 2022 മുതൽ മുംബൈ സിറ്റിയുടെ കൂടെ തന്നെയാണ് ഈ മലയാളി ഫിസിയോ.
പകുതി സീസൺ ആയപ്പോയേക്കും പരിശീലകൻ ഡെസ് ബക്കിംഗ്ഹാമും പ്രധാന വിദേശതാരങ്ങളും ടീം വിട്ടു പോയ ഘട്ടത്തിൽ തകർന്നു പോയെന്ന് തോന്നിപ്പിച്ച ടീമിനെ ഇടക്കാലത്ത് വന്ന് വിജയത്തിലേക്ക് നയിച്ച പരിശീലകൻ പീറ്റർ ക്രാറ്റ്കിക്ക് തന്നെയാണ് മുംബൈ സിറ്റി താരങ്ങളുടെ ഈ സീസണിലെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ്, എന്നാൽ ഇത്ര നാൾ നീണ്ട ലീഗ് സീസണിൽ പ്രധാനതാരങ്ങളെയെല്ലാം കാര്യമായ പരുക്കേൽക്കാത സംരക്ഷിച്ച് മികച്ച പ്രകടനത്തിന് പ്രാപ്തരാക്കിയതിന്റെ ക്രെഡിറ്റ് ഈ മലയാളിക്ക് കൂടിയുണ്ട്. അത്കൊണ്ട് തന്നെ മുംബൈയുടെ ഐഎസ്എൽ കപ്പ് ഈ മലയാളിക്ക് കൂടി അവകാശപ്പെട്ടതാണ്.