എ എഫ് സി കപ്പ് യോഗ്യത ഉറപ്പിക്കാൻ ഇന്ന് ഹൈദരാബാദും മോഹൻ ബഗാനും കോഴിക്കോട് ഇറങ്ങുന്നു

Newsroom

ബുധനാഴ്ച കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ക്ലബ് പ്ലേഓഫിൽ ഹൈദരാബാദ് എഫ്‌സിയും എടികെ മോഹൻ ബഗാനും നേർക്കുനേർ വരും. 2023-24 AFC കപ്പിന്റെ പ്രാഥമിക റൗണ്ടിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ആണ് ഇരുവരും പോരാടുന്നത്. ഹൈദരാബാദ് പരിശീലകൻ മനോലോ മാർക്കസിന്റെ ഹൈദരാബാദ് പരിശീലകനായുള്ള അവസാന മത്സരമാകും ഇത്.

Picsart 23 05 03 09 22 50 407

എഎഫ്‌സി കപ്പിൽ തുടർച്ചയായി മൂന്നാം തവണയും കളിക്കാനുള്ള ശ്രമത്തിലാണ് എ ടി കെ മോഹൻ ബഗാൻ. അതേസമയം ആദ്യമായി എ എഫ് സി കപ്പിൽ എത്തുക ആണ് ഹൈദരബാദിന്റെ ലക്ഷ്യം‌. ഹൈദരാബാദ് എഫ്‌സി ഹീറോ ഐ‌എസ്‌എല്ലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഐ എസ് എൽ ചാമ്പ്യൻമാരായി മാറിയ എടികെ മോഹൻ ബഗാനോട് സെമിയിൽ തോറ്റായിരുന്നു അവരുടെ ഐ എസ് എൽ ക്യാമ്പയിൻ അവസാനിച്ചത്.

ഇതുവരെ ഇരു ടീമുകളും 10 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഹൈദരാബാദ് എഫ്‌സി മൂന്ന് തവണ വിജയിച്ചപ്പോൾ എടികെ മോഹൻ ബഗാൻ 2 തവണ വിജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന മത്സരം സോണി സ്പോർട്സിലും Fancode ആപ്പിലും തത്സമയം കാണാം.