കൊച്ചി, 29 നവംബർ 2023: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് സ്പെഷ്യൽ കിഡ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്സി – ചെന്നൈയിൻ എഫ്സി മത്സരത്തിലാണ് സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുരുന്നുകൾ താരങ്ങളുടെ കൈപിടിച്ച് ആനയിക്കാൻ എത്തിയത്. എംഇസ് സ്പെഷ്യൽ സ്കൂൾ ആലുവ, സ്‌മൃതി സ്പെഷ്യൽ സ്കൂൾ എറണാകുളം, രക്ഷ സ്പെഷ്യൽ സ്കൂൾ എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള 22 കുട്ടികളാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചുനടന്ന മത്സരത്തിൽ ഫുട്ബോൾ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഹെൽത്ത് പാട്ണർ ആയ ഫ്യൂച്ചറൈസിന്റെ നേതൃത്വത്തിലാണ് മൂന്ന് സ്പെഷ്യൽ സ്‌കൂളുകളിലെയും കുട്ടികൾ എത്തിയത്. സമൂഹത്തിൽ പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുരുന്നുകളെ പരിമിതികളുടെ ലോകത്തുനിന്നും പിടിച്ചുയർത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സാമൂഹിക പ്രതിബദ്ധതയും സാമൂഹിക ഉന്നമനവും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടി മുൻകൈ എടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. കളിക്കളത്തിന് അകത്തും പുറത്തും അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ക്ലബിന്റെ പ്രതിജ്ഞബദ്ധത സമൂഹത്തിൽ നല്ല ഒരു മാറ്റത്തിന് വേണ്ടി ചുക്കാൻ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
(Press Release)