ഇന്ത്യൻ ഫുട്ബോളിലെ ആഴത്തിലുള്ള പ്രതിസന്ധികൾ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. 2025-26 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നു എന്ന പ്രഖ്യാപനം ഔദ്യോഗികമായി വന്നതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആണ് തീർത്തും നിരാശയിൽ ആകുന്നത്. ഇന്ത്യൻ ഫുട്ബോൾ പലതും തെറ്റായ ചെയ്യുമ്പോഴും ഇതിന്റെ ഒക്കെ അറ്റത്ത് ഇന്ത്യൻ ഫുട്ബോളിന് ഒരു നല്ല കാലം വരും എന്ന് കരുതി ക്ഷമിച്ചവരാണ് ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ആരാധകർ.

“വിഷൻ 2047” എന്ന പേരിൽ, ലീഗ് ഘടനയിലും കളിയുടെ എല്ലാ തലങ്ങളിലും സമഗ്രമായ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) പ്രഖ്യാപിച്ച മഹത്തായ പദ്ധതി പ്രഖ്യാപിച്ച് കേവലം രണ്ട് വർഷം തികയുമ്പോഴാണ് ഇന്ത്യം ഫുട്ബോൾ ഇങ്ങനെ എഞ്ചിൻ തകർന്ന് വഴിയിൽ നിൽക്കുന്നത്.
ഐ.എസ്.എല്ലിന്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) പുറത്തുവിട്ട ഈ പ്രഖ്യാപനം, എ.ഐ.എഫ്.എഫും അവരുടെ വാണിജ്യ പങ്കാളികളും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നു. 2025 ഡിസംബറിൽ അവസാനിക്കുന്ന മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എം.ആർ.എ) പുതുക്കുന്നതിലെ അനിശ്ചിതത്വമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. ഈ കരാറിന്റെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ച് ഒരു ദശാബ്ദത്തോളം മുൻപേ അറിവുണ്ടായിട്ടും, 2025 ഏപ്രിലിൽ മാത്രമാണ് എ.ഐ.എഫ്.എഫ് ഒരു ചർച്ചാ കമ്മിറ്റിക്ക് രൂപം നൽകിയത്. ഈ കാലതാമസം ക്ലബ്ബുകൾക്കും കളിക്കാർക്കും ഭാവി കാര്യങ്ങളിൽ ഒരു വ്യക്തതയും നൽകാതെ, ഒരു സ്തംഭനാവസ്ഥയിലേക്ക് കാര്യങ്ങളെ നയിച്ചിരിക്കുകയാണ്.

എ.ഐ.എഫ്.എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രശ്നം കൂടെ വരുന്നത്. ഫെഡറേഷനിൽ പുതിയ തിരഞ്ഞെടുപ്പിന് ഇത് വഴിയൊരുക്കിയേക്കാം. നിയമപരമായ ഈ അനിശ്ചിതത്വം ദീർഘകാല കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് ഫെഡറേഷനെ ഫലത്തിൽ തടഞ്ഞിരിക്കുകയാണ്.
ബോർഡ് റൂമിനപ്പുറം ഈ സാഹചര്യത്തിന്റെ പ്രത്യാഘാതങ്ങൾ വ്യാപിക്കുന്നുണ്ട്.
ആയിരക്കണക്കിന് പ്രൊഫഷണലുകൾ – കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, ബ്രോഡ്കാസ്റ്റർമാർ ഇവരെല്ലാം ഒരു അനിശ്ചിത വർഷത്തെയാണ് അഭിമുഖീകരിക്കുന്നത്. 1996-ൽ നാഷണൽ ഫുട്ബോൾ ലീഗ് ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഒന്നാം ഡിവിഷൻ ഇങ്ങനെ നിന്നു പോകുന്ന അവസ്ഥ വരുന്നത്. സീസൺ നടക്കെ തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ക്ലബുകൾ ഒരു സീസൺ വൈകുകയോ നടക്കാതിരിക്കുകയോ ചെയ്താൽ ഏത് അവസ്ഥായിൽ ആകും എന്നതും കണ്ടറിയണം.
ഐ.എസ്.എല്ലിൽ മാത്രമായി ഈ പ്രശ്നങ്ങൾ ഒതുങ്ങുന്നില്ല. എ.ഐ.എഫ്.എഫ് നേരിട്ട് നിയന്ത്രിക്കുന്ന ഐ-ലീഗും 2024-25 സീസൺ അവസാനിച്ചിട്ടും വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചർച്ചിൽ ബ്രദേഴ്സിന് കിരീടം സമ്മാനിച്ചെങ്കിലും, പിന്നീട് കളിക്കാർക്കുള്ള യോഗ്യതയെച്ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ട്രോഫി തിരികെ ആവശ്യപ്പെട്ടു. നിലവിൽ സ്വിറ്റ്സർലൻഡിലെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിലാണ് കേസ്. ഇത് എ.ഐ.എഫ്.എഫിന്റെ ആഭ്യന്തര നടപടിക്രമങ്ങളിലെ ഗുരുതരമായ പാളിച്ചകൾ തുറന്നുകാട്ടുന്നു.
ദേശീയ തലത്തിലും ആശയക്കുഴപ്പങ്ങൾ പ്രകടമാണ്. മോശം പ്രകടനങ്ങളെയും കരാർ തർക്കങ്ങളെയും തുടർന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയതിന് ശേഷം, എഫ്.സി. ഗോവയുമായി കരാറിലായിരുന്ന മനോലോ മാർക്കേസിനെ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചു. ഈ ഇരട്ട ചുമതല ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ഒടുവിൽ ദുഷ്കരമായ സാഹചര്യത്തിൽ ആ പരിശീലകന്റെ പുറത്താക്കലിലേക്ക് നയിക്കുകയും ചെയ്തു.

ഹോങ്കോങ്ങിനോടുള്ള ഇന്ത്യയുടെ സമീപകാല തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പല ചോദ്യങ്ങളിൽ നന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
ജൂലൈ 18-ന് സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി തുലാസിലാണ് എന്ന് തന്നെ പറയാം. എ.ഐ.എഫ്.എഫിൽ പുതിയ തിരഞ്ഞെടുപ്പിനുള്ള ഏതൊരു നിർദ്ദേശവും ഫിഫയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായേക്കാം. 2022-ൽ ഇന്ത്യയെ ഫിഫ താൽക്കാലികമായി വിലക്കിയിരുന്നതിനാൽ, ഫുട്ബോൾ ബോഡികളിലെ സർക്കാർ അല്ലെങ്കിൽ ജുഡീഷ്യൽ ഇടപെടലുകൾക്കെതിരെ ഫിഫ മുൻപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് – ഈ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു.
അഞ്ചു തട്ടുകളുള്ള ഒരു ഫുട്ബോൾ പിരമിഡ് നിർമ്മിക്കാനും, ദേശീയ ടീമിന്റെ ആഗോള നിലവാരം ഉയർത്താനും, എല്ലാ ജനവിഭാഗങ്ങൾക്കിടയിലും കായിക വിനോദത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനുമായിരുന്നു വിഷൻ 2047 ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇന്ത്യൻ ഫുട്ബോളിന്റെ അടിത്തറതന്നെ വിറച്ചുനിൽക്കുന്ന ഈ സാഹചര്യത്തിൽ ആ കാഴ്ചപ്പാട് എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരെയാണെന്ന് തോന്നിപ്പോകുന്നു.
ഇന്ത്യൻ ഫുട്ബോളിന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുമോ എന്നത് നിയമപരമായ വിധികളെ മാത്രമല്ല, ഭരണാധികാരികൾക്ക് കായികരംഗത്തെ രാഷ്ട്രീയത്തിനും അധികാരവടംവലികൾക്കും മുകളിൽ പ്രതിഷ്ഠിക്കാനുള്ള സന്നദ്ധതയെയും ആശ്രയിച്ചിരിക്കും. തൽക്കാലം ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് എല്ലാം നല്ലത് നടക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം എന്നല്ലാതെ മറ്റ് വഴികൾ ഇല്ല.