ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) പ്രമുഖ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി എന്നിവയുൾപ്പെടെ നാല് ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2025 ഒക്ടോബർ 25 മുതൽ നവംബർ 22 വരെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഐഎസ്എല്ലിലെ 13 ക്ലബ്ബുകളും ഐ-ലീഗിലെ മികച്ച മൂന്ന് ടീമുകളും എത്രയും പെട്ടെന്ന് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, സാമ്പത്തികവും പ്രവർത്തനപരവുമായ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല ക്ലബ്ബുകളും ഇതുവരെ പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചിട്ടില്ല, കൂടാതെ കളിക്കാരുടെ ശമ്പളവും തടഞ്ഞുവച്ചിരിക്കുകയാണ്. കുറഞ്ഞത് രണ്ട് ക്ലബ്ബുകളെങ്കിലും ടൂർണമെന്റിന്റെ ഘടന, സാമ്പത്തിക കാര്യങ്ങൾ, സംപ്രേക്ഷണാവകാശം എന്നിവയിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ മാത്രം കളിക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ വാണിജ്യ, സാമ്പത്തിക ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബ് എക്സിക്യൂട്ടീവുകൾ പ്രധാനമായും ഉന്നയിക്കുന്ന ഒരു പ്രശ്നം. സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും പ്രവർത്തനച്ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ കഴിയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി. ൽ
സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 പ്ലേഓഫിലേക്ക് യോഗ്യത നേടാം. എന്നാൽ, ഈ അവസരം മാത്രം സാമ്പത്തികവും സാങ്കേതികവുമായ ചോദ്യങ്ങൾ നേരിടുന്ന ക്ലബ്ബുകൾക്ക് മതിയാകില്ല.