ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണിലെ മത്സരക്രമം പ്രഖ്യാപിക്കുന്നത് വൈകുന്നു എന്ന് Revsportz റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന പട്ടിക, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) മുന്നോട്ടുവെച്ച പുതിയ ഭരണഘടനയിലെ വ്യവസ്ഥകളിൽ ക്ലബ്ബുകൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണിത്.

2026-27 സീസൺ മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ചാർട്ടർ പ്രകാരം, ഇന്ത്യയിലെ പ്രമുഖ ലീഗിന്റെ ഉടമസ്ഥാവകാശം എഐഎഫ്എഫിനായിരിക്കും. അതോടൊപ്പം പ്രധാന തീരുമാനങ്ങളിൽ ഫെഡറേഷന് വിപുലമായ വീറ്റോ അധികാരം നൽകുന്നതിനെയും ക്ലബ്ബുകൾ എതിർക്കുന്നു. ഗവേണിംഗ് കൗൺസിലിലും മാനേജ്മെന്റ് കമ്മിറ്റിയിലും ക്ലബ്ബുകൾക്ക് സീറ്റുകൾ നൽകുന്നുണ്ടെങ്കിലും, ഭൂരിപക്ഷ തീരുമാനങ്ങളെപ്പോലും മറികടക്കാൻ ഫെഡറേഷന് അധികാരം നൽകുന്നത് തങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് ക്ലബ്ബുകൾ ഭയപ്പെടുന്നു.
പുതിയ ഘടനയനുസരിച്ച്, എഐഎഫ്എഫ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിരിക്കും ഗവേണിംഗ് കൗൺസിലിന്റെ അധ്യക്ഷൻ. ഏതൊരു തീരുമാനവും അംഗീകരിക്കപ്പെടണമെങ്കിൽ ഭൂരിപക്ഷത്തിന് പുറമെ ചുരുങ്ങിയത് രണ്ട് എഐഎഫ്എഫ് പ്രതിനിധികളുടെയെങ്കിലും അനുകൂല വോട്ട് അത്യാവശ്യമാണ്. എഐഎഫ്എഫ് സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനവും സമാനമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംവിധാനം ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും യഥാർത്ഥ തീരുമാനങ്ങൾ എടുക്കാനുള്ള ക്ലബ്ബുകളുടെ സ്വാതന്ത്ര്യം ഇതിലൂടെ നഷ്ടപ്പെടുമെന്നുമാണ് ക്ലബ്ബ് ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്.
ഈ തർക്കം എത്രയും വേഗം പരിഹരിച്ചാൽ മാത്രമേ വരാനിരിക്കുന്ന സീസണിന്റെ ഒരുക്കങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.









