യൂറോ കപ്പ് ക്വാളിഫയർ റൗണ്ടിലെ മോശം പ്രകടനത്തിന് പിറകെ ഫെർണാണ്ടോ സാന്റോസ് പോളണ്ട് ടീമിൽ നിന്നും പുറത്തേക്ക്. ചുമതല ഏറ്റെടുത്ത് വെറും ഒൻപത് മാസങ്ങൾക്കുള്ളിൽ തന്നെ പോർച്ചുഗീസുകാരനായ കോച്ചിനെ മാറ്റാനുള്ള തീരുമാനം പോളണ്ട് കൈക്കൊണ്ടെന്ന് ഫാബ്രിസിയോ റൊമാനോയും പോളിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അവസാന മത്സരത്തിൽ അൽബെനിയയുമായുള്ള തോൽവിയാണ് കടുത്ത നടപടി സ്വീകരിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. നേരത്തെ പോർച്ചുഗൽ കോച്ച് ആയിരുന്ന സാന്റോസ്, ലോകകപ്പിന് ശേഷം ജനുവരിയിലാണ് പോളണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.
യൂറോ ക്വാളിഫയറിൽ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ ഉൾപ്പെട്ട പോളണ്ടിന് പക്ഷെ ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ വെറും രണ്ടു ജയങ്ങൾ മാത്രമാണ് സമ്പാദ്യം. മൂന്ന് തോൽവിയും ഏറ്റു വാങ്ങിയ ടീം നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങൾ കൂടി ശേഷിക്കേ ഇനിയും കാത്തിരിക്കാൻ പോളണ്ട് ടീം ശ്രമിക്കില്ലെന്ന് വ്യക്തം. മോൾഡോവ, അൽബെനിയ തുടങ്ങിയവരോടേറ്റ തോൽവി ആണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. പുതിയ കോച്ച് ആരായിരിക്കും എന്ന സൂചനകൾ ഇല്ല. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ടീമിന്റെ തുടർന്നുള്ള മത്സരങ്ങൾ. സാന്റോസിന് കീഴിൽ ആകെ ആറു മത്സരങ്ങൾ പോളണ്ട് കളത്തിൽ ഇറങ്ങി.
Download the Fanport app now!