2021 ലെ യുഫേഫ യൂറോ കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ പരാജയപ്പെട്ടു നോർവേ പുറത്ത്. സെർബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർവേ പരാജയപ്പെട്ടത്. ഇതോടെ ബൊറൂസിയ ഡോർട്ട്മുണ്ട് താരവും യുവ സൂപ്പർ സ്റ്റാറും ആയ ഹാളണ്ട് യൂറോ കപ്പിൽ ബൂട്ട് കെട്ടില്ല. അധികസമയത്ത് നീണ്ട മത്സരത്തിൽ 81 മിനിറ്റിൽ മിലൻകോവിച്ച് സാവിച്ചിലൂടെ സെർബിയ ആണ് ആദ്യം മുന്നിൽ എത്തിയത്, 88 മിനിറ്റിൽ നോർമാനിലൂടെ നോർവേ സമനില പിടിച്ചു. എന്നാൽ അധികസമയത്ത് 102 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ഗോൾ ലക്ഷ്യം കണ്ട സാവിച്ച് സെർബിയക്ക് ജയം സമ്മാനിച്ചു. പ്ലേ ഓഫ് ഫൈനലിൽ ഇസ്രായേലിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്ന സ്‌കോട്ട്ലന്റ് ആണ് സെർബിയയുടെ എതിരാളികൾ.
ഗോൾ രഹിതമായ മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു പെനാൽട്ടി ഷൂട്ട് ഔട്ട് ജയിച്ച് ആണ് ആൻഡ്രൂ റോബർട്ട്സന്റെ നേതൃത്വതത്തിലുള്ള സ്‌കോട്ട്ലന്റ് പ്ലേ ഓഫ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം റൊമാനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഐസ്ലാന്റും പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി. 16, 34 മിനിറ്റുകളിൽ ഗിൽഫി സിഗൂർഡ്സൻ നേടിയ ഇരട്ടഗോളുകൾ ആണ് ഐസ്ലാന്റിനു ജയം സമ്മാനിച്ചത്. പ്ലേ ഓഫ് ഫൈനലിൽ ബൾഗേറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു വരുന്ന ഹംഗറിയാണ് ഐസ്ലാന്റിന്റെ എതിരാളികൾ.
1-1 നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ പെനാൽട്ടിയിൽ മറികടന്ന വടക്കൻ ഐയർലന്റും ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ റിപ്പബ്ലിക് ഓഫ് ഐയർലന്റിനെ പെനാൽട്ടിയിൽ വീഴ്‌ത്തിയ സ്ലൊവ്യാക്കയും തമ്മിൽ ആണ് മറ്റൊരു പ്ലേ ഓഫ് ഫൈനൽ. ബെലാറൂസിനെ ഒരു ഗോളിന് വീഴ്‌ത്തിയ ജോർജിയയും കൊസോവക്ക് മേൽ ഒന്നിനെതിരെ രണ്ടു ഗോളിന് ജയം കണ്ട വടക്കൻ മസഡോണിയയും തമ്മിൽ ആണ് അവസാന പ്ലേ ഓഫ് ഫൈനൽ.