ഡെന്മാർക്ക് ഫുട്ബോളിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ഫുട്ബോൾ അസോസിയേഷനും താരങ്ങളും തർക്കമുള്ളതിനാൽ രാജ്യാന്തര ടീമിൽ നിന്ന് പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നിരുന്നു.
കഴിഞ്ഞ ദിവസം സ്ലോവാക്യക്കെതിരായ സൗഹൃദ മത്സരത്തിൽ ഡെന്മാർക്കിനായി രാജ്യത്തെ മൂന്നാം ഡിവിഷനിലെ താരങ്ങളും ഫുട്സാൽ കളിക്കാരും ആയിരുന്നു ഇറങ്ങിയത്. ഇനി യുവേഫ നാഷൺസ് ലീഗ് മത്സരമാണ് വരാനുള്ളത് എന്നതു കൊണ്ട് അസോസിയേഷനും താരങ്ങളും താൽക്കാലികമായി ഒത്തുതീർപ്പിലെത്തി. മുമ്പ് നിലവിലുണ്ടായിരുന്ന അതേ കരാർ താൽക്കാലികമായി അസോസിയേഷൻ താരങ്ങളുമായി പുതുക്കിയിരിക്കുകയാണ്.
ഞായറാഴ്ച വെയിൽസിനെതിരെയാണ് ഡെന്മാർക്കിന്റെ അടുത്ത മത്സരം. ആ മത്സരം വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. മത്സര ശേഷം വീണ്ടും പുതിയ കരാറിന് മേലുള്ള ചർച്ച തുടരും.
താരങ്ങൾ രാജ്യാന്തര ടീമിന്റെ സ്പോൺസേഴ്സിന്റെ എതിരായുള്ള സ്പോൺസർമാരുമായി കരാറിൽ എത്തരുത് എന്ന് അസോസിയേഷൻ പറഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഈ ആവശ്യം അംഗീകരിക്കാൻ താരങ്ങൾ ഒരുക്കമല്ല.