ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ സമനിലയിൽ പിടിച്ചു കെട്ടി നെതർലാൻഡ്‌സ്. 1-1നാണ് ബെൽജിയം നെതർലാൻഡ്‌സിനോട് സമനില വഴങ്ങിയത്. മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. റൊണാൾഡ് കൂമന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നെതർലാൻഡ്‌സ് കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയെയും തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ മെർട്ടൻസിന്റെ ഗോളിലൂടെ ബെൽജിയം ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മനോഹരമായ ഒരു ഫിനിഷിംഗിലൂടെയാണ് മെർട്ടൻസ് ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ നെതർലാൻഡ്‌സ് മത്സരത്തിൽ സമനില പിടിച്ചെടുത്തു. ഡിപേയുടെ മനോഹരമായ പാസിൽ നിന്ന് ഗ്രോൺഎവെൽഡ് ആണ് ഗോൾ നേടിയത്. നെതർലാൻഡ്‌സിനു വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ജർമനിക്കെതിരെ പകരക്കാരനായി ഇറങ്ങിയാണ് താരം അരങ്ങേറ്റം നടത്തിയത്.
തുടർന്ന് രണ്ടാം പകുതിയിൽ ലുകാകുവിന് പകരക്കാരനായി ഇറങ്ങിയ ബാറ്റ്ശുവായിക്ക് ബെൽജിയത്തിനു ജയം നേടി കൊടുക്കാനുള്ള മൂന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും താരം അവസരങ്ങൾ പുറത്തടിച്ചു കളയുകയായിരുന്നു.