അർജന്റീനയുടെ പരിശീലകനായി നിലവിലെ കോച്ച് സ്കലോണി തുടരും. 2022 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കാണ് സ്കലോണിയെ പരിശീലകനായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്. താത്കാലിക പരിശീലകനായി സ്കലോണി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കലോണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. സ്കലോണിക്ക് കീഴിൽ അർജന്റീന കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സെമി ഫൈനലിൽ ചാമ്പ്യന്മാരായ ബ്രസീലിനോട് തോറ്റായിരുന്നു അർജന്റീന പുറത്തായത്.
മുൻ പരിശീലകനായിരുന്ന സാംപോളിയുടെ സഹ പരിശീലകനായിരുന്നു സ്കലോണി. റഷ്യൻ ലോകകപ്പിൽ അർജന്റീനയുടെ മോശം പ്രകടനത്തെ തുടർന്ന് സാംപോളി അർജന്റീന പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത് പോയിരുന്നു. തുടർന്നാണ് താത്കാലിക അടിസ്ഥാനത്തിൽ സ്കലോണിയെ അർജന്റീന പരിശീലകനാക്കിയത്. സെപ്റ്റംബറിൽ ചിലിയുമായും മെക്സിക്കോയുമായും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. 2020 മാർച്ചിൽ തുടങ്ങുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ 2021 നവംബറിലാണ് അവസാനിക്കുക.